ആശ്രയഭവന്‍ റോഡില്‍ ചൊറിയന്‍പുഴു ശല്യം

Posted on: 14 Sep 2015ഏലൂര്‍: ഏലൂര്‍ വടക്കുംഭാഗം ആശ്രയഭവനിലും പരിസരത്തുമുള്ള വീടുകളിലും റോയല്‍ വില്ലേജ് റോഡിലും ചൊറിയന്‍പുഴു ശല്യം. തൊട്ടടുത്തുള്ള പാടത്ത് നിന്ന് വീടുകളിലേക്ക് കയറുന്ന പുഴുക്കള്‍ സ്വൈരജീവിതം തകര്‍ത്തതായി താമസക്കാര്‍ പറയുന്നു.
രാവിലെയും വൈകീട്ടുമാണ് പുഴുക്കളുടെ ശല്യം കൂടുതല്‍. ആശ്രയഭവനിലെ അന്തേവാസികളാണ് ഏറ്റവും അധികം കഷ്ടപ്പെടുന്നത്. ഉച്ചച്ചൂടില്‍ പാടത്തിലെ വെള്ളക്കെട്ടിലേക്ക് പിന്‍വാങ്ങുന്ന പുഴുക്കള്‍ വൈകുന്നേരങ്ങളില്‍ കൂട്ടമായി വീടുകളിലേക്ക് വരുകയാണ്.
ഒരാഴ്ച മുന്‍പ് മഴപെയ്ത് പാടത്ത് വെള്ളം നിറഞ്ഞതോടെയാണ് പുഴുക്കളെ കണ്ടുതുടങ്ങിയത്. മണ്ണെണ്ണ, ഉറുമ്പുപൊടി, കുമ്മായം എന്നിങ്ങനെ വിവിധ വഴികള്‍ നോക്കിയെങ്കിലും ഒന്നും ഫലവത്തായില്ല.
സമീപത്തെ അങ്കണവാടി, കിന്റര്‍ഗാര്‍ട്ടന്‍ എന്നിവിടങ്ങളിലും ചൊറിയന്‍പുഴു ശല്യം ഉണ്ട്. തിങ്കളാഴ്ച പ്രദേശത്ത് പുഴുക്കളെ തുരത്താന്‍ മരുന്നടിക്കുമെന്ന് ഏലൂര്‍ നഗരസഭാ ചെയര്‍മാന്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. അതേസമയം പുഴുശല്യം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.

More Citizen News - Ernakulam