ഫോര്‍ട്ട്‌കൊച്ചി ബോട്ടപകടം; തെളിവെടുപ്പ് തുടങ്ങി

Posted on: 14 Sep 2015ഫോര്‍ട്ട്‌കൊച്ചി: ഫോര്‍ട്ട്‌കൊച്ചി-വൈപ്പിന്‍ ഫെറിയില്‍ 11 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് ഒന്നര മാസത്തിനകം സമര്‍പ്പിക്കുമെന്ന് എ.ഡി.ജി.പി. കെ. പത്മകുമാര്‍ പറഞ്ഞു.

ഫോര്‍ട്ട്‌കൊച്ചിയില്‍ അപകടം സംബന്ധിച്ച് തെളിവെടുപ്പിനായി എത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.
സംഭവം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. അപകടത്തിന്റെ കാരണം വ്യക്തമായി പരിശോധിക്കും. മീന്‍പിടിത്ത ബോട്ടില്‍ മതിയായ ജീവനക്കാരുണ്ടായിരുന്നോ എന്ന് പരിശോധിക്കും. മീന്‍പിടിത്ത ബോട്ടിന്റെ മുന്‍ഭാഗം ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍, ആ ഭാഗത്ത് ആളില്ലെങ്കില്‍ മുന്‍ഭാഗത്തെ കാര്യങ്ങള്‍ അറിയാനാവില്ല.

ഇത്തരം അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് മത്സ്യത്തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മീന്‍പിടിത്ത വള്ളങ്ങളുടെ വേഗം നിയന്ത്രിക്കുന്നതിനും നടപടിയുണ്ടാകും.

അപകടം നടന്ന സ്ഥലത്ത് എത്തിയ അദ്ദേഹം ദൃക്‌സാക്ഷികളുടെയും നാട്ടുകാരുടെയും മൊഴിയെടത്തു. അപകടത്തിനിടയാക്കിയ മത്സ്യബന്ധന വള്ളം, സംഭവത്തിനു മുമ്പ് ഡീസല്‍ അടിച്ച പമ്പിലെത്തി പരിശോധന നടത്തി. അപകടത്തില്‍പ്പെട്ട ബോട്ടും മത്സ്യബന്ധന വള്ളവും അദ്ദേഹം പരിശോധിച്ചു. രാവിലെ പതിനൊന്നോടെ ഫോര്‍ട്ട്‌കൊച്ചിയിലെത്തിയ അദ്ദേഹം മണിക്കൂറുകളോളം അപകടസ്ഥലത്തുണ്ടായിരുന്നു.

മട്ടാഞ്ചേരി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ജി. വേണു, കണ്‍ട്രോള്‍ റൂം അസി. കമ്മീഷണര്‍ ആമോസ് മാമന്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് സര്‍ക്കാറാണ് എ.ഡി.ജി.പി. കെ. പത്മകുമാറിനെ ചുമതലപ്പെടുത്തിയിട്ടുള്ളത്. റിപ്പോര്‍ട്ട് നല്‍കുന്നതിന് കാലാവധി നിശ്ചയിച്ചിട്ടില്ല. എങ്കിലും ഒന്നര മാസത്തിനകം റിപ്പോര്‍ട്ട് നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

More Citizen News - Ernakulam