അപകടപ്പാതയായി കോലഞ്ചേരി-പെരുമ്പാവൂര്‍ റോഡ്‌

Posted on: 14 Sep 2015കോലഞ്ചേരി: പെരുമ്പാവൂര്‍ റോഡില്‍ ഗതാഗതക്കുരുക്കും റോഡിന്റെ വീതിക്കുറവും മൂലം ഒരാളുടെ ജീവന്‍ കൂടി പൊലിഞ്ഞു. കോലഞ്ചേരി ജങ്ഷനില്‍ പെരുമ്പാവൂര്‍ റോഡിലെ തിരക്ക് ഇനിയും കാല്‍നട യാത്രികരെ കുരുതികൊടുക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കഴിഞ്ഞ ദിവസം ടാങ്കര്‍ ലോറി മുട്ടി കിങ്ങിണിമറ്റം സ്വദേശി നെടുംപറമ്പില്‍ നാരായണനാണ് മരിച്ചത്. റോഡിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ പലവട്ടം ചര്‍ച്ചകള്‍ നടത്തിയിട്ടും സ്ഥലമുടമകളാണ് സമ്മതിക്കാത്തതെന്നാണ് ജനപ്രതിനിധികള്‍ പറയുന്നത്.
എന്നാല്‍ അനധികൃത കച്ചവടം റോഡില്‍ അവസാനിപ്പിക്കാന്‍ ആരും തയ്യാറാകുന്നുമില്ല. മാത്രമല്ല വഴിയോര കച്ചവടക്കാര്‍ റോഡിലേക്കിറക്കി പഴങ്ങളും പലഹാരവും മറ്റും ഉന്തു വണ്ടിയില്‍ വില്‍ക്കുന്നതിന് നിരത്തുന്നതോടെ റോഡ് ചെറുതാകുന്നു. കൂടാതെ വൈദ്യുതി പോസ്റ്റുകള്‍ റോഡിലേക്ക് കയറി നില്‍ക്കുന്നതും റോഡിനെ ഞെരുക്കിക്കളയുന്നു.
സ്വകാര്യ ബസ്സ്റ്റാന്‍ഡിലേക്ക് ജനങ്ങള്‍ ജങ്ഷനില്‍ നിന്ന് വരികയും പോകുകയും ചെയ്യുന്നതും ബസ്സുകള്‍ സര്‍വീസ് നടത്തുന്നതും ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യുന്നതും ഈ കുറഞ്ഞ സ്ഥലപരിമിതിയിലാണ്. റോഡിനിരുവശത്തുമുള്ള അനധികൃത വാണിഭങ്ങള്‍ ഒഴിവാക്കാന്‍ പൊതുമരാമത്ത് വകുപ്പും പോലീസും രംഗത്തിറങ്ങണമെന്നുമുള്ള ആവശ്യങ്ങള്‍ ശക്തമാകുന്നുണ്ട്.
ഗതാഗതക്കുരുക്ക് പരിഹരിക്കാനും അനധികൃത വ്യാപാരികളെ നീക്കം ചെയ്യാനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ. കോലഞ്ചേരി ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ കെ.കെ. അശോകന്‍, പ്രൊഫ. ജോര്‍ജ് ഐസക്, എം.എ. പൗലോസ്, കെ.എ. ഷണ്‍മുഖന്‍, എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam