കാര്‍ തോട്ടിലേക്ക് മറിഞ്ഞതില്‍ ദുരൂഹത ഇല്ലെന്ന് പോലീസ്‌

Posted on: 13 Sep 2015കൊച്ചി: ചെമ്പുമുക്കില്‍ കഴിഞ്ഞദിവസം കാര്‍ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ദുരൂഹതകളില്ലെന്ന് പോലീസ്. തോട്ടിലെ ചെളിയില്‍ കുത്തിനിന്ന കാര്‍ ക്രെയിന്‍ ഉപയോഗിച്ച് പോലീസും അഗ്നിശമന സേനയും ചേര്‍ന്ന് രാത്രി ഉയര്‍ത്തുമ്പോള്‍ തോട്ടില്‍നിന്ന് മറ്റൊരു നമ്പര്‍ പ്ലേറ്റ് കണ്ടെത്തിയത് സംശയങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കാറിന്റെ നമ്പറില്‍ നിന്ന് വ്യത്യസ്തമായ നമ്പറുള്ള നമ്പര്‍പ്ലേറ്റ് ലഭിച്ചതാണ് പോലീസിനെ ആശയക്കുഴപ്പത്തിലാക്കിയത്.
പിന്നീട് നടത്തിയ പരിശോധനയില്‍ ഈ നമ്പര്‍പ്ലേറ്റ് കാറില്‍ ഉപയോഗിക്കുന്നതല്ലെന്ന് കണ്ടെത്തുകയായിരുന്നു. തോട്ടില്‍ നിന്ന് ലഭിച്ച നമ്പര്‍പ്ലേറ്റ് വലിയ വാഹനങ്ങളുടേതാണെന്നും ഇത് നേരത്തെ തോട്ടില്‍ കിടന്നിരുന്നതാകാമെന്നും ഇടപ്പള്ളി ട്രാഫിക് പോലീസ് അറിയിച്ചു.
വെള്ളിയാഴ്ച രാത്രി 11ന് പാലത്തിന്റെ കൈവരി തകര്‍ത്ത കാര്‍ ഇടപ്പള്ളിത്തോട്ടിലേക്ക് മറിഞ്ഞായിരുന്നു അപകടം.
ഈരാറ്റുപേട്ട സ്വദേശി ഡാള്‍സ് രാജു (27) ആണ് അപകടത്തില്‍ മരിച്ചത്. ഡാള്‍സ് മാത്രമേ കാറിലുണ്ടായിരുന്നുള്ളൂവെന്ന് പോലീസ് പറഞ്ഞു. അപകടകാരണം ഇനിയും വ്യക്തമായിട്ടില്ല.

More Citizen News - Ernakulam