നിയമത്തെ വെളിച്ചമാക്കി രാജേഷ്‌

Posted on: 13 Sep 2015കൊച്ചി: ഇരുട്ട് നിറഞ്ഞ ജീവിതത്തില്‍ നിയമത്തെ വെളിച്ചമാക്കാന്‍ ഒരുങ്ങുകയാണ് ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശി രാജേഷ്. നല്ല വക്കീല്‍ ആവണമെന്ന തീവ്രാഭിലാഷമാണ് ഇപ്പോള്‍ സാധിച്ചത് എന്ന് പറയുന്നു രാജേഷ്. തങ്ങള്‍ക്ക് അര്‍ഹമായ പരിഗണന സമൂഹം നല്‍കണമെന്ന് പറയാന്‍ മടിക്കുന്നില്ല ഈ ചെറുപ്പക്കാരന്‍.
പ്ലസ് ടു പാസ്സായി രണ്ടുവര്‍ഷം കഴിഞ്ഞേ രാജേഷിന് ബിരുദ പഠനം തുടങ്ങാനായുള്ളൂ. ഇതിന് തടസ്സമായത് നിയമം തന്നെ. പ്ലസ് ടു പരീക്ഷയിലെ ഭൂമിശാസ്ത്രം പ്രായോഗിക പരീക്ഷയ്ക്ക് 'സ്‌പെഷല്‍ ഓര്‍ഡര്‍' ലഭിക്കാതിരുന്നതാണ് കാരണം. സ്‌പെഷല്‍ ഓര്‍ഡറിന് മുട്ടാത്ത വാതിലുകളില്ല. ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുത്തിട്ടും ഫലമുണ്ടായില്ല. നിരന്തര ശ്രമത്തിനൊടുവില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയും മഹാരാജാസില്‍ ബിരുദം പൂര്‍ത്തിയാക്കുകയും ചെയ്തു. തുടര്‍ന്ന് എറണാകുളം ലോ കോളേജില്‍ നിയമ പഠനം. അവിടെയും തിരിച്ചടിയായത് നിയമത്തെ പറ്റി ധാരണയില്ലാത്തതാണ്. അന്ധരായ അപേക്ഷകര്‍ക്ക് പ്രവേശന പരീക്ഷ എഴുതേണ്ട ആവശ്യമില്ല എന്ന് രാജേഷ് അറിഞ്ഞില്ല, ആരും പറഞ്ഞതുമില്ല. നിയമ പഠനം ആരംഭിച്ച നാള്‍ രാജേഷ് ഉറപ്പിച്ചു, സാധാരണക്കാരന് നിയമത്തിന്റെ വെളിച്ചമേകുന്ന അഭിഭാഷകനാവണമെന്ന്. താന്‍ പഠിച്ച മഹാരാജാസ് അങ്കണത്തില്‍ അഭിഭാഷക കുപ്പായം അണിയാന്‍ സാധിച്ചതും ഈ ചെറുപ്പക്കാരന്‍ ഭാഗ്യമായി കരുതുന്നു.

More Citizen News - Ernakulam