നേതാക്കളിലുള്ള വിശ്വാസം തൊഴിലാളികള്‍ക്ക് നഷ്ടപ്പെട്ടു - ആന്റണി

Posted on: 13 Sep 2015

കൊച്ചി:
നേതാക്കളിലുള്ള വിശ്വാസം തൊഴിലാളികള്‍ക്ക് നഷ്ടപ്പെടുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. മൂന്നാറിലെ തൊഴിലാളികള്‍ യൂണിയന്‍ നേതാക്കളില്ലാതെ സമരത്തിനിറങ്ങിയത് ഇത് വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എ.എ. കൊച്ചുണ്ണി അനുസ്മരണ സമ്മേളനം എറണാകുളം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അണികളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് ആവശ്യങ്ങള്‍ നേടിക്കൊടുക്കാന്‍ നേതാവ് ശക്തനല്ലെന്ന് തോന്നിയാല്‍ അത് നേതാവിന്റെ പരാജയമാണ്. ജനാധിപത്യത്തിനും ഇത് കനത്ത വെല്ലുവിളിയുയര്‍ത്തും. ആധ്യാത്മിക, മത രംഗത്ത് നേതൃത്വം വഹിക്കുന്നവരും അണികളിലെ വിശ്വാസ്യത കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എ.എ. കൊച്ചുണ്ണി ജനങ്ങള്‍ വിശ്വസിച്ച നേതാവാണ്. ഭദ്രമായ ജീവിതം ഉപേക്ഷിച്ച് തൊഴിലാളികള്‍ക്കായി പ്രവര്‍ത്തിച്ച ആളാണ് അദ്ദേഹമെന്നും ആന്റണി പറഞ്ഞു. മേയര്‍ ടോണി ചമ്മണി അധ്യക്ഷത വഹിച്ചു. അല്‍ അമീന്‍ എജ്യുക്കേഷനല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ടി.പി.എം. ഇബ്രാഹിം ഖാന്‍ അനുസ്മരണ പ്രഭാഷണം നടത്തി. കെപിസിസി വൈസ് പ്രസിഡന്റ് എം.എം. ഹസ്സന്‍, എംഎല്‍എമാരായ ബെന്നി ബഹനാന്‍, ഹൈബി ഈഡന്‍, ജിസിഡിഎ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍, കെ.എം.ഐ. മേത്തര്‍, എ.കെ. മുഹമ്മദ് താഹിര്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam