വര്‍ഗീയതയും ഫാസിസവും; ജനാധിപത്യ മാര്‍ഗത്തില്‍ പ്രതിരോധിക്കണം:കെ.പി.എ.മജീദ്‌

Posted on: 13 Sep 2015മൂവാറ്റുപുഴ: വര്‍ഗീയതക്കും ഫാസിസത്തിനുമെതിരെ ജനാധിപത്യമാര്‍ഗത്തില്‍ പ്രതിരോധം തീര്‍ക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു. മുസ്ലിം ലീഗ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റി മൂവാറ്റുപുഴയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശത്രുവിനെ ബാലറ്റിലൂടെ നേരിടുകയാണ് ശരിയായ മാര്‍ഗം. പാര്‍ലമെന്റ് ഏത് നിയമം പാസ്സാക്കിയാലും രാജ്യത്ത് നടപ്പാകും. അതുകൊണ്ട് മറ്റു രീതികള്‍ സ്വീകരിക്കുന്നത് ഗുണകരമല്ല. വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാതെയും ഭൂരിപക്ഷ സമുദായത്തെ വിശ്വാസത്തിലെടുത്തുമാണ് മുസ്ലിം ലീഗ് മുന്നോട്ടുപോകുന്നത്. വിദ്യാഭ്യാസ- തൊഴില്‍ രംഗത്തും സാമൂഹ്യമേഖലയിലും മുസ്ലിംകള്‍ പുരോഗതി കൈവരിച്ചത് കേരളത്തില്‍മാത്രമാണ്.
പശ്ചിമേഷ്യയിലെ തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനഫലമായി ആയിരങ്ങളാണ് ദിനം പ്രതി അഭയം തേടി യൂറോപ്യന്‍ നാടുകളിലേക്ക് പോകാന്‍ നിര്‍ബന്ധിതരായിരിക്കുന്നത്. സൗദ്യ അറേബ്യ, യുഎഇ, കുവൈറ്റ് തുടങ്ങി അറബ് രാജ്യങ്ങള്‍ക്കും ഇക്കാര്യത്തില്‍ നിലപാട് കാണുന്നില്ല.
മുസ്ലിം പള്ളികളില്‍ മൈക്ക് ഉപയോഗിക്കുന്നതിനുള്ള അവകാശം ദുരുപയോഗം ചെയ്തു. ബാങ്ക് വിളിക്കുന്നതിനുപകരം പലയിടത്തും മത്സരിച്ചാണ് മൈക്ക് ഉപയോഗിക്കുന്നത്. സംഘനാബാഹുല്യവും പിളര്‍പ്പും കൂടിയതോടെ, പളളികളുടെ എണ്ണം കൂടിയതോടെ പൊതുസമൂഹത്തിന് ബുദ്ധിമുട്ട് വര്‍ധിച്ചു. ഈ സാഹചര്യത്തിലാണ് മതസംഘടനകള്‍ യോജിച്ച നിലപാട് സ്വീകരിച്ചത്. പ്രധാന പള്ളിയില്‍ മാത്രം മൈക്കിലൂടെ ബാങ്ക് വിളിക്കുന്ന മാതൃകയും സ്വീകരിക്കാവുന്നതാണെന്നും കെ.പി.എ.മജീദ് പറഞ്ഞു.
യോഗത്തില്‍ മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് എ. അബൂബക്കര്‍ അദ്ധ്യക്ഷത വഹിച്ചു. പി.കെ.ബഷീര്‍ എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് എം.പി. അബ്ദുല്‍ഖാദര്‍, ജനറല്‍ സെക്രട്ടറി കെ.എം.അബ്ദുല്‍ മജീദ്, എം.എം.സീതി, വി.ഇ.അബ്ദുല്‍ ഗഫൂര്‍, കെ.എസ്.സിയാദ്, പി.എ. ബഷീര്‍, പി.എസ്. സൈനുദ്ദീന്‍, പി.എ. അലിയാര്‍, എം.കെ. ഹസ്സന്‍ ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam