'മദ്യപാനികളായി' എക്‌സൈസുകാരെത്തി; അനധികൃത മദ്യവില്പന സംഘം കുടുങ്ങി

Posted on: 13 Sep 2015കൂത്താട്ടുകുളം: തൊഴിലാളികളുടെ വേഷത്തില്‍ 'മദ്യപാനികളാ'യി അഭിനയിച്ചെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരുടെ സംഘം അനധികൃത മദ്യവില്പനക്കാരനേയും സംഘത്തെയും കുടുക്കി. കൂത്താട്ടുകുളം ഹൈസ്‌കൂള്‍ റോഡില്‍ സഹകരണാസ്​പത്രിക്ക് സമീപം ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു നാടകീയ സംഭവങ്ങള്‍.
ഇവിടെ പുലര്‍ച്ചെ മുതല്‍ ആരംഭിക്കുന്ന അനധികൃത മദ്യവില്പന സംബന്ധിച്ച് 'മാതൃഭൂമി' വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
സ്‌കൂട്ടറില്‍ മദ്യവില്പന നടത്തിയ സുനില്‍ (40) ആണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. കൈലി മുണ്ടും തൊഴിലുപകരണങ്ങളും അടങ്ങിയ ബാഗ് കൈയില്‍ പിടിച്ച് അഞ്ച് എക്‌സൈസ് സിവില്‍ ഓഫീസര്‍മാരാണ് മദ്യവില്പന കേന്ദ്രത്തില്‍ പുലര്‍ച്ചെ എത്തിയത്.
മദ്യവില്പന തകൃതിയായി നടക്കുന്നതിനിടയില്‍ വില്പനക്കാരുമായി ഇവര്‍ ചങ്ങാത്തത്തിലായി, സ്‌കൂട്ടറിനുള്ളില്‍ സൂക്ഷിച്ചിരുന്ന മദ്യശേഖരം കണ്ടെത്തി. ഹൈസ്‌കൂള്‍ റോഡില്‍ പരസ്യമായി മദ്യപിച്ചുകൊണ്ടിരുന്ന മൂന്നുപേരുമായും വേഷം മാറി എത്തിച്ചേര്‍ന്ന ഉദ്യോഗസ്ഥ സംഘം കൂട്ടുചേര്‍ന്നു.
എക്‌സൈസ് സര്‍ക്കില്‍ ഇന്‍സ്‌പെക്ടര്‍ മാത്യു കുര്യന്‍, പ്രിവന്റീവ് ഓഫീസര്‍ കെ.പി. സജികുമാര്‍ എന്നിവര്‍ ഇക്കാര്യങ്ങള്‍ നോക്കിക്കൊണ്ട് മാറിനിന്നു. മദ്യം കണ്ടെത്തിയ വിവരം ഉദ്യോഗസ്ഥര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് കൈമാറി.
തുടര്‍ന്ന് വാഹനവുമായി സ്ഥലത്തെത്തിയ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും സംഘവും മദ്യവില്പനക്കാരന്‍ സുനിലിനെയും റോഡില്‍ പരസ്യമായി മദ്യപിച്ചുകൊണ്ടിരുന്ന കുണിഞ്ഞി കൂനംമാക്കില്‍ അശോകന്‍ (44), താമരക്കാട് കൊക്കാനിക്കര ബാബു (51), ഒലിയപ്പുറം മണിമലക്കുേന്നല്‍ രാമചന്ദ്രന്‍ (56) എന്നിവരേയും പിടികൂടി. നാലര ലിറ്റര്‍ മദ്യം വാഹനത്തില്‍ നിന്ന് കണ്ടെടുത്തു.
തൊഴിലാളികളുടെ വേഷത്തില്‍ മദ്യപാനികളായി അഭിനയിച്ചെത്തിയത് എക്‌സൈസ് സിവില്‍ ഓഫീസര്‍മാരായ രഞ്ജു, അസ്സീസ്, അഭിലാഷ്, സുമേഷ്, റെജി എന്നിവരുള്‍പ്പെട്ട സംഘമായിരുന്നു.
കൂത്താട്ടുകുളം പോലീസ് സ്റ്റേഷനോട് ചേര്‍ന്നു തന്നെയാണ് അനധികൃത മദ്യവില്പന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. കൂത്താട്ടുകുളം ഹൈസ്‌കൂള്‍, സഹകരണാസ്​പത്രി, എല്‍.ഐ.സി. ഓഫീസ്, ആയുര്‍വേദ ചികിത്സാ കേന്ദ്രം, പെന്‍ഷന്‍ ഭവന്‍, കേളി സ്‌കൂള്‍ ഓഫ് ആര്‍ട്‌സ്, കൂത്താട്ടുകുളം ഗ്രാമപഞ്ചായത്ത്, പ്രസ്സ് ക്ലബ്ബ്, ഭവനനിര്‍മാണ കേന്ദ്രം എന്നീ പൊതു സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനടുത്താണ് അനധികൃത മദ്യവില്പന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.
റസിഡന്റ്‌സ് അസോസിയേഷനുകളും സ്‌കൂള്‍ അധികൃതരും, അനധികൃത മദ്യവില്പന തടയണമെന്ന് ആവശ്യപ്പെട്ട് പോലീസിന് നിരവധി തവണ പരാതികള്‍ നല്കിയിരുന്നു.

More Citizen News - Ernakulam