ജീവിതത്തിനു മുന്നില്‍ പകച്ച് പ്രീതി

Posted on: 13 Sep 2015അച്ഛന്‍ ജയിലില്‍, അമ്മ വെന്റിലേറ്ററില്‍


മൂവാറ്റുപുഴ: ജീവിതത്തിനു മുന്നില്‍ പകച്ചു നില്‍ക്കുകയാണ് പ്രീതി അനില്‍ എന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനി. നിത്യരോഗിയായ അമ്മ രാജശ്രീ 24 ദിവസമായി കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ കഴിയുന്നു. സ്വന്തമായി വീടില്ല. ടാക്‌സി ഡ്രൈവറായിരുന്ന അച്ഛന്‍ അനില്‍ സ്വന്തം നിരപരാധിത്വം തെളിയിക്കാന്‍ കഴിയാതെ പോയതിനാല്‍ കേസിലകപ്പെട്ട് ജയിലിലായി.
കൂടെ ആകെയുള്ളത് അമ്മയുടെ സഹോദരിയുടെ വീട്ടുകാര്‍. അവര്‍ക്കും പ്രാരബ്ധങ്ങളേറെ. ഉള്ളതെല്ലാം പണയപ്പെടുത്തിയും കടം വാങ്ങിയും അവര്‍ ആവുന്ന വിധമൊക്കെ പ്രീതിയുടെ അമ്മയെ ചികിത്സിക്കാന്‍ ശ്രമിക്കുന്നു. ഇപ്പോള്‍ത്തന്നെ ലക്ഷക്കണക്കിനു രൂപ ചെലവായി. ഇനി മുന്നോട്ടുപോകാനാവാത്ത വിധം ദുരിതത്തിലായിക്കഴിഞ്ഞു ഈ കുടുംബവും. രാജശ്രീയുടെ ചികിത്സ ഏറ്റെടുത്തിരിക്കുന്ന സഹോദരി പ്രേമ തയ്യല്‍ തൊഴിലാളിയാണ്. രാജശ്രീക്ക് നിത്യം വേണ്ട മരുന്നു വാങ്ങാന്‍ പോലും കഴിയാതെ നെട്ടോട്ടമോടുകയാണ് മകള്‍ പ്രീതിയും പ്രേമയുടെ കുടുംബവും.
നല്ല വക്കീലിനെ വച്ച് അച്ഛനെ പുറത്തിറക്കാന്‍ പണം കണ്ടെത്താന്‍ കഴിയാതെ പോയതിന്റെ വേദനക്കിടയിലാണ് പ്രീതിയുടെ ഏകാശ്രയമായിരുന്ന അമ്മ പെട്ടെന്ന് ഗുരുതരാവസ്ഥയില്‍ ആസ്​പത്രിയിലായത്. ദിവസവും ആയിരക്കണക്കിനു രൂപ വേണം ചികിത്സയ്ക്ക്. പഠനത്തിലും പാഠ്യേതര കാര്യങ്ങളിലും മിടുക്കിയായ പ്രീതിയുടെ പഠനം പോലും മുടങ്ങുന്ന സ്ഥിതി.
മൂവാറ്റുപുഴ സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ പ്രീതി മാതൃഭൂമി സീഡ് പദ്ധതിയുടെ പ്രവര്‍ത്തന മികവിനുളള 2014-ലെ ജെം ഓഫ് സീഡ് പുരസ്‌കാരം നേടിയിട്ടുണ്ട്. സ്‌കൂളിലെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കു പിന്നിലും സ്വന്തം വേദന മറന്ന് പ്രീതിയുണ്ടാകും. ഒറ്റപ്പെടലിലും നിസ്സഹായതയിലും എല്ലാത്തിനും എന്തെങ്കിലും പോംവഴി ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു പ്രീതിയും അമ്മ രാജശ്രീയും. പക്ഷേ പെട്ടെന്നൊരു നാള്‍ കടുത്ത ശ്വാസംമുട്ടലിന്റെ രൂപത്തില്‍ രോഗം രാജശ്രീയേയും വീഴ്ത്തി. സ്വാഭാവിക ശ്വസനം സാദ്ധ്യമല്ലാത്ത സ്ഥിതി. ഞരമ്പുകള്‍ക്കുള്ള അസുഖത്തെത്തുടര്‍ന്ന് ശ്വാസകോശത്തിന് ശ്വാസം വലിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടു. ഇവരെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരാന്‍ ഇനിയും വലിയ തുക ചെലവഴിക്കേണ്ടി വരും.
രാജശ്രീയുടെ ചികിത്സയ്ക്കായി സഹായങ്ങള്‍ സ്വീകരിക്കാന്‍ പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് സോഫിയ ബീവിയുടെയും പ്രേമ ഗോപാലകൃഷ്ണന്റെയും പേരില്‍ പായിപ്ര കവലയിലെ എസ്.ബി.ടി. യില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പര്‍: 67336086650. IFS കോഡ്: SBTR 0000469. ഫോണ്‍: 9539722095.

More Citizen News - Ernakulam