മണ്ണ് ഖനനവും പാടം നികത്തലും; രണ്ട് വാഹനങ്ങള്‍ പിടികൂടി

Posted on: 13 Sep 2015കോതമംഗലം: അനധികൃതമായി മണ്ണ് ഖനനം ചെയ്ത് പാടം നികത്തിയ കേസില്‍ ഒരു ടിപ്പറും മണ്ണുമാന്തി യന്ത്രവും പിടിച്ചെടുത്തു. മലയിന്‍കീഴ് ഗൊമേന്തപ്പടി ഭാഗത്ത് പാടം നികത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് വെള്ളിയാഴ്ച രാത്രി വാഹനം പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികളെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.
നാളുകളായി ഗൊമേന്തപ്പടി ഭാഗത്ത് മണ്ണ് ഖനനവും പാടം നികത്തലും തുടങ്ങിയിട്ട്. രണ്ടാഴ്ച മുമ്പ് നഗരസഭാ ജങ്ഷനില്‍ ആലിന്‍ ചുവട്ടിലെ മീഡിയന്‍ കെട്ടുന്നതിന്റെ മറവില്‍ 250 ലോഡ് മണ്ണ് രണ്ട് ദിവസം കൊണ്ട് കടത്തി പാടം നികത്തിയതിന് പോലീസ് കേസെടുത്തിരുന്നു.
ഭരണകക്ഷിയിലെ പ്രമുഖ കക്ഷിയുമായി ബന്ധപ്പെട്ട ആളായിരുന്നു മണ്ണ് കടത്തിയതും പാടം നികത്തിയതും. കേസെടുക്കാതിരിക്കാന്‍ പോലീസില്‍ ഉന്നതങ്ങളില്‍ നിന്ന് സമ്മര്‍ദം ഉണ്ടായിരുന്നു. താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ ഭൂമാഫിയ പാടം നികത്തല്‍ തകൃതിയായി നടത്തുന്നുണ്ടെങ്കിലും പലതും സ്വാധീനത്തിന്റെ മറവില്‍ പിടിക്കപ്പെടുന്നില്ല.

More Citizen News - Ernakulam