മരം മുറിക്കാന്‍ സന്നാഹങ്ങള്‍ ഒരുക്കിയപ്പോള്‍ മുറിക്കുന്നത് തടഞ്ഞുകൊണ്ട് കളക്ടറുടെ സന്ദേശം എത്തി

Posted on: 13 Sep 2015പറവൂര്‍: ദേശീയപാത ചെറിയപ്പിള്ളി ജങ്ഷനില്‍ റോഡിലേയ്ക്ക് ചാഞ്ഞു നില്‍ക്കുന്ന വന്‍ മരം മറിച്ചുമാറ്റാന്‍ സന്നാഹങ്ങളുമായി എത്തിയപ്പോള്‍ മുറിക്കുന്നത് തടഞ്ഞുകൊണ്ട് കളക്ടറുടെ നിര്‍േദശമെത്തി. അതോടെ മരം മുറിച്ചുനീക്കല്‍ നടന്നില്ല.
ചെറിയപ്പിള്ളി ജങ്ഷനില്‍ റോഡിലേയ്ക്ക് ചാഞ്ഞ നിലയില്‍ വന്‍മരം നില്‍ക്കുന്നതിന് എതിരെ ഒരു വിഭാഗം ആളുകളുടെ പരാതി ഉണ്ടായിരുന്നു. പ്രകൃതി സ്‌നേഹികള്‍ മരം മുറിക്കുന്നതിന് എതിരുമായിരുന്നു. ജങ്ഷനില്‍ റോഡിലേയ്ക്ക് അല്പം ചാഞ്ഞ രീതിയിലാണ് മരം നില്‍ക്കുന്നത്. ഇത് വീണാല്‍ വന്‍ ദുരന്തത്തിന് സാധ്യതയുണ്ടെന്ന് ചിലര്‍ പരാതിപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ദേശീയപാത അധികൃതര്‍ മരം ലേലം ചെയ്ത് മുറിച്ചുമാറ്റാന്‍ തീരുമാനം എടുത്തത്. മരം മുറിക്കല്‍ ശനിയാഴ്ച രാവിലെയാണ് നിശ്ചയിച്ചിരുന്നത്. മരം മുറിക്കുന്ന സമയത്ത് ഗതാഗത നിയന്ത്രണവും പോലീസ് ഏര്‍പ്പെടുത്തിയിരുന്നു. കെഎസ്ഇബി അധികൃതര്‍ സ്ഥലത്തെത്തി വൈദ്യുതി ലൈനുകള്‍ അഴിച്ചുമാറ്റി. പോലീസും ദേശീയപാത അധികൃതരും സ്ഥലത്തെത്തി. മരം മുറിക്കുന്നവര്‍ മരത്തിന് മുകളില്‍ കയറി വടംകെട്ടിയ നേരത്താണ് മുറിച്ചുമാറ്റുന്നത് താത്കാലികമായി തടഞ്ഞുകൊണ്ട് കളക്ടറുടെ നിര്‍േദശം എത്തിയത്. മരം ലേലം ചെയ്തതില്‍ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സമീപവാസിയായ ഒരാള്‍ കളക്ടര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണിത്. ഇത് സംബന്ധിച്ച അന്വേഷണത്തിനു ശേഷമേ തുടര്‍ നടപടികള്‍ ഉണ്ടാവുകയുള്ളു.

More Citizen News - Ernakulam