വര്‍ഗീയവത്കരണ നീക്കം ചെറുക്കാന്‍ എസ്.എന്‍.ഡി.പി. ഇടതിനൊപ്പം നില്‍ക്കണം -കോടിയേരി

Posted on: 12 Sep 2015കൊച്ചി : കേരളത്തെ വര്‍ഗീയവത്കരിക്കുന്നത് ചെറുക്കാന്‍ എസ്.എന്‍.ഡി.പി. ഇടതുപക്ഷത്തിനൊപ്പം നില്‍ക്കണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 'മതനിരപേക്ഷ കേരളത്തില്‍ വര്‍ഗീയതയുടെ തിരനോട്ടം' എന്ന വിഷയത്തെക്കുറിച്ച് ടി.കെ. രാമകൃഷ്ണന്‍ കള്‍ച്ചറല്‍ സെന്റര്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എസ്.എന്‍.ഡി.പി.യിലെ ഒരു വിഭാഗം സ്വീകരിക്കുന്ന സംഘപരിവാര്‍ നിലപാടുകളെയും ഗുരുവിന്റെ ആദര്‍ശങ്ങളെ എതിര്‍ക്കുന്നവരെയുമാണ് തങ്ങള്‍ എതിര്‍ക്കുന്നത്. ചാതുര്‍വര്‍ണ്യ നിലപാടാണ് ആര്‍.എസ്.എസിനുള്ളത്. എസ്.എന്‍.ഡി.പി. അതിനെതിരെയാണ് പ്രവര്‍ത്തിച്ചത്. ആര്‍.എസ്.എസ്. സംവരണത്തിന് എതിരാണ്. അവരുമായി സഖ്യപ്പെടാനുള്ള അവസരവാദ നയങ്ങള്‍ക്കെതിരെ ശ്രീനാരായണീയരില്‍ നിന്നുതന്നെ എതിര്‍പ്പ് ഉയര്‍ന്നുവരണം.
അധഃസ്ഥിതര്‍ക്ക് ക്ഷേത്രപ്രവേശനം നല്‍കിയ ഗുരുവിനെ ഈഴവ സമുദായത്തിലെ പ്രമാണിമാര്‍തന്നെ കള്ളക്കേസില്‍ കുടുക്കിയിട്ടുണ്ട്. പ്രമാണിമാര്‍ക്ക് എന്നും അദ്ദേഹത്തിന്റെ ആത്മീയപ്രഭ മാത്രം മതിയായിരുന്നു. അദ്ദേഹത്തിന്റെ ആദര്‍ശങ്ങളെ അവര്‍ വിലകല്പിച്ചില്ല. തന്റെ ധര്‍മ്മം പ്രചരിപ്പിക്കാനുള്ള ചുമതല പ്രമാണിമാരെയല്ല, സന്ന്യാസിമാരെയാണ് ഗുരു ഏല്പിച്ചത് -കോടിയേരി പറഞ്ഞു.
സ്വാമി വിവേകാനന്ദനെയായിരുന്നു ആദ്യം ആര്‍.എസ്.എസ്. വക്രീകരിച്ച് അവതരിപ്പിച്ചത്. എന്നാല്‍, അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ ജനങ്ങള്‍ പഠിച്ചതോടെ, അവര്‍ക്കിപ്പോള്‍ വിവേകാനന്ദനെ വേണ്ട. ശ്രീനാരായണ ഗുരുവിനെ സമൂഹത്തിനു മുന്നില്‍ വക്രീകരിച്ച് അവതരിപ്പിക്കാനാണ് ഇപ്പോള്‍
ശ്രമിക്കുന്നത്. വിശ്വാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ എന്നും മുന്നില്‍ നിന്നിട്ടുള്ളത് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. ദൈവത്തിന്റെ പേരുപറഞ്ഞു നടക്കുന്നവരാണ് വിശ്വാസികള്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടിട്ടുള്ളതെന്ന് കാണാം. അഫ്ഗാനിസ്ഥാനില്‍ ബുദ്ധപ്രതിമകള്‍ തകര്‍ത്തത് താലിബാന്‍ വിശ്വാസികളാണ്. ബാബറി മസ്ജിദ് തകര്‍ത്തത് വിശ്വാസികളുടെ പേരുപറഞ്ഞ് നടക്കുന്ന ആര്‍.എസ്.എസ്. ആണ്.
കള്‍ച്ചറല്‍ സെന്റര്‍ ചെയര്‍മാന്‍ പ്രൊഫ. എം.കെ. സാനു അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്‍ത്തക ഡോ. ടീസ്റ്റ സെതല്‍വാദ് മുഖ്യപ്രഭാഷണം നടത്തി. സ്വാമി സന്ദീപാനന്ദഗിരി, ഫാ. പോള്‍ തേലക്കാട്, ഡോ. ഹുസൈന്‍ രണ്ടത്താണി, സി.പി.എം. ജില്ലാ സെക്രട്ടറി പി. രാജീവ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam