പൊതുപ്രവര്‍ത്തകരുടെ ആദ്യ അജണ്ട മനുഷ്യസ്‌നേഹമായിരിക്കണം: എ. കെ. ആന്റണി

Posted on: 12 Sep 2015കാക്കനാട്: ജയിക്കുക, ഭരിക്കുക, ഏറ്റുമുട്ടുക എന്നതല്ല പൊതുപ്രവര്‍ത്തനമെന്നും, മറിച്ച് മനുഷ്യസ്‌നേഹം, അനുകമ്പ, ജീവകാരുണ്യം എന്നിവ ആദ്യ അജണ്ടയാക്കി പ്രവര്‍ത്തിക്കുക എന്നതാണെന്നും മുന്‍ പ്രതിരോധമന്ത്രി എ. കെ. ആന്റണി. തൃക്കാക്കര മണ്ഡലത്തില്‍ ബെന്നി ബെഹനാന്‍ എംഎല്‍എ ആവിഷ്്കരിച്ചു നടപ്പിലാക്കി വരുന്ന 'സാന്ത്വന സാഫല്യം' പദ്ധതി പ്രകാരം സഹായ വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനകാര്യത്തില്‍ കേരളം ഇന്ത്യയിലെ മറ്റു ഏതു സംസ്ഥാനത്തേക്കാളും മുന്നിലെത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനൊപ്പം സ്വാര്‍ഥ ചിന്ത വെടിഞ്ഞ് കൂടുതല്‍ നന്‍മ ചെയ്യുന്നവരുടെയും കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പുന്നവരുടെയും എണ്ണം കൂടിവരുന്നത് ഒരു നല്ല പ്രവണതയാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവിഷ്്കരിച്ച ജനസമ്പര്‍ക്ക പരിപാടിയാണ് ഇതിനു വഴിതെളിച്ചതെന്ന് എ.കെ. ആന്റണി പറഞ്ഞു.
ബെന്നി ബെഹനാന്‍ എംഎല്‍എ തൃക്കാക്കര മണ്ഡലത്തിനു ലഭിച്ച സൗഭാഗ്യമാണെന്നു മുഖ്യാതിഥിയായി പങ്കെടുത്ത നിയമസഭാ സ്​പീക്കര്‍ എന്‍. ശക്തന്‍ പറഞ്ഞു. ബെന്നി ബഹനാന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കെ. വി. തോമസ് എംപി, എംഎല്‍എമാരായ ലൂഡി ലൂയിസ്, ഡൊമിനിക് പ്രസന്റേഷന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി, ജിസിഡിഎ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രമുഖ കാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ. വി.പി. ഗംഗാധരനും ഹൃദയശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനും എ.കെ. ആന്റണി ഉപഹാരം നല്‍കി. ഇവരെക്കൂടാതെ 90 വയസു പിന്നിടുന്ന കവി ചെമ്മനം ചാക്കോ, കുസുമഗിരി ഓട്ടിസം സ്‌കൂളിലെ വിദ്യാര്‍ഥി 13 കാരന്‍ നിരഞ്ജന്‍ എന്നിവര്‍ക്കും ഉപഹാരങ്ങള്‍ നല്‍കി. നിരഞ്ജന്‍ പുസ്തകരചയിതാവു കൂടിയാണ്.

More Citizen News - Ernakulam