പാര്‍ലമെന്റ് തടസ്സപ്പെടുത്തുന്നതിനെക്കുറിച്ച് പൊതുചര്‍ച്ച ഉയര്‍ന്നുവരണം -അരുണ്‍ ജെയ്റ്റ്‌ലി

Posted on: 12 Sep 2015കൊച്ചി : പാര്‍ലമെന്റ് തുടര്‍ച്ചയായി തടസ്സപ്പെടുത്തുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് മറികടക്കുന്നത് സംബന്ധിച്ച് പൊതുചര്‍ച്ച ഉയര്‍ന്നുവരേണ്ട സമയമായെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. എറണാകുളം ടൗണ്‍ഹാളില്‍ പി.ടി. ചാക്കോ ജന്മശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോക്‌സഭയും രാജ്യസഭയും തമ്മില്‍ ഇപ്പോഴുള്ള അഭിപ്രായ വ്യത്യാസങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിവിധിയെക്കുറിച്ച് ചിന്തിക്കേണ്ട സമയമായി.
വ്യക്തമായ പ്രകടനപത്രികകളുടെ അടിസ്ഥാനത്തില്‍ ജനങ്ങളുടെ അംഗീകാരേത്താടെ ലോക്‌സഭയില്‍ നേരിട്ടെത്തുന്നവരും സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നേരിട്ടല്ലാതെ സഭയില്‍ എത്തുന്നവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളെ അതിജീവിക്കേണ്ടതുണ്ട്. ജനകീയാടിത്തറയുടെ അടിസ്ഥാനത്തില്‍ രൂപംകൊള്ളുന്ന ലോക്‌സഭ സുസ്ഥിരമായിരിക്കും. അവിടെ അഭിപ്രായ രൂപവത്കരണം വേഗത്തില്‍ സാധിക്കും. എന്നാല്‍ രാജ്യസഭയ്ക്ക് സ്ഥിരതയില്ല. രണ്ട് വര്‍ഷം കൂടുമ്പോള്‍ പൊളിച്ചെഴുതപ്പെട്ടുകൊണ്ടിരിക്കുന്ന സ്ഥലത്ത് അഭിപ്രായ രൂപവത്കരണത്തിന് അതിന്റേതായ പ്രശ്‌നങ്ങളുണ്ടാവും. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യക്ക് ഇത്തരം വെല്ലുവിളിയേയും അതിജീവിക്കാനാവും. തുടര്‍ച്ചയായി സഭ തടസ്സപ്പെടുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന് ഭൂഷണമാണോയെന്ന് പുനരാലോചിക്കേണ്ട സമയമായിരിക്കുകയാണ്. കാലത്തിനനുസരിച്ച് മുല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മുന്നേറിയ ചരിത്രമാണ് ഇന്ത്യന്‍ ജനാധിപത്യത്തിനുള്ളത്. ഇന്ത്യയിലെ ജുഡീഷ്യറിയും ഇലക്ഷന്‍ കമ്മീഷന്‍ അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളും സ്വതന്ത്രവും നീതിയുക്തവുമായ പ്രവര്‍ത്തനങ്ങളിലൂടെ ലോകത്തിന് മാതൃകയാണ് - െജയ്റ്റ്‌ലി പറഞ്ഞു. പി.ടി. ചാക്കോയുടെ രാഷ്ട്രീയ ജീവിതം അഴിമതിരഹിത രാഷ്ട്രീയത്തിന് ഉത്തമ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ലമെന്റ് തുടര്‍ച്ചയായി തടസ്സപ്പെടുന്നതിനെ അതിജീവിക്കാന്‍ പുതിയ നിയമനിര്‍മാണത്തെക്കുറിച്ച് ആലോചിക്കേണ്ട സമയമായിരിക്കുന്നുവെന്ന് അധ്യക്ഷ പ്രസംഗം നടത്തിയ ജസ്റ്റിസ് കെ.ടി. തോമസ് പറഞ്ഞു. 'പി.ടി ചാക്കോ നേരിന്റെ പോരാളി', 'പി.ടി. ചാക്കോ - ചതിയും മൃതിയും' എന്നീ പുസ്തകങ്ങളുടെ പ്രകാശനം ചടങ്ങില്‍ നടന്നു. പ്രൊഫ. കെ.വി. തോമസ്, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, എം.ജി. യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ എം.ടി. ദേവസ്യ, പി.സി. സിറിയക്, പ്രൊഫ. ഫിലോമിന, എബ്രഹാം മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു. പി.സി. തോമസ് സ്വാഗതവും അഹമ്മദ് തോട്ടത്തില്‍ നന്ദിയും പറഞ്ഞു.

More Citizen News - Ernakulam