കേരളത്തില്‍ ജാതിഭ്രാന്ത് കൂടുന്നു - ആന്റണി

Posted on: 12 Sep 2015കൊച്ചി: കേരളത്തില്‍ ജാതിയുടെയും മതത്തിന്റെയും പേരിലുള്ള ഭ്രാന്ത് കൂടി വരികയാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയംഗം എ.കെ. ആന്റണി. ജാതിയെയും മതത്തെയും സ്‌നേഹിക്കുന്നത് നല്ലതാണ്. എന്നാല്‍ ആ സ്‌നേഹം ഭ്രാന്തായി വളര്‍ന്നാല്‍ അത് സമൂഹത്തില്‍ വലിയ കുഴപ്പങ്ങളാകും സൃഷ്ടിക്കുന്നതെന്നും ആന്റണി പറഞ്ഞു. എ.എല്‍. ജേക്കബിന്റെ 20-ാം ചരമ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന ചിന്തയിലേക്ക് നമുക്ക് തിരിച്ചുപോകാന്‍ കഴിയണം. സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെ അഭാവമാണ് കേരളം ഇന്ന് നേരിടുന്ന പ്രധാന പ്രശ്‌നം. ലോകത്ത് കൂടിവരുന്ന വര്‍ഗീയ ചിന്താധാരയാണ് കേരളത്തിലെ സമൂഹത്തെയും സ്വാധീനിക്കുന്നത്. ജാതി ചിന്തക്കപ്പുറം മനുഷ്യനെ കാണാന്‍ രാഷ്ട്രീയ കക്ഷികള്‍ യത്‌നിക്കണം.
സോഷ്യല്‍ മീഡിയയിലൂടെ മാത്രം പൊതുജനസേവനം നടത്തുന്നത് സമൂഹത്തിലേക്കുള്ള സമ്പര്‍ക്കത്തിന്റെ ആഴം കുറയ്ക്കുമെന്നും ആന്റണി പറഞ്ഞു. രാഷ്ട്രീയക്കാരില്‍ ജനസമ്പര്‍ക്കം കുറയുന്ന പ്രവണത വര്‍ധിച്ചുവരികയാണ്. മാര്‍ക്കറ്റിങ് ടെക്‌നോളജിയുടെ തന്ത്രം പ്രയോജനപ്പെടുത്തിയാല്‍ താല്ത്കാലികമായി മാത്രം പിടിച്ചുനില്‍ക്കാനേ പൊതുപ്രവര്‍ത്തകര്‍ക്ക് കഴിയൂ. സോഷ്യല്‍ മീഡിയയിലൂടെ എളുപ്പവഴിയില്‍ നേടുന്ന സ്വീകാര്യത താലത്കാലികമാണ്. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാനും അവരുടെ കുടുംബങ്ങളുമായി ബന്ധം ശക്തമാക്കാനും കഴിഞ്ഞാലേ നല്ല പൊതുപ്രവര്‍ത്തകര്‍ ഉണ്ടാകൂ. ജനങ്ങളുടെ സുഖദുഃഖങ്ങളില്‍ ഒപ്പം നടന്ന നേതാവായിരുന്നു എ.എല്‍. ജേക്കബ് എന്നും ആന്റണി അനുസ്മരിച്ചു.
ചടങ്ങില്‍ കെ.വി. തോമസ് എം.പി. അധ്യക്ഷത വഹിച്ചു. െപ്രാഫ. എം.കെ. സാനു അനുസ്മരണ പ്രഭാഷണം നടത്തി. മന്ത്രി കെ. ബാബു, കെ.പി.സി.സി. വൈസ് പ്രസിഡന്റ് ലാലി വിന്‍സെന്റ്, ജനറല്‍ സെക്രട്ടറി വത്സല പ്രസന്നകുമാര്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ലിനോ ജേക്കബ്, ഡി.സി.സി. പ്രസിഡന്റ് വി.ജെ. പൗലോസ്, യൂത്ത് കോണ്‍ഗ്രസ് ബ്‌ളോക്ക് പ്രസിഡന്റ് മനു ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam