37 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇബ്രാഹിം മൗലവി ഹജ്ജിന്

Posted on: 12 Sep 2015നെടുമ്പാശ്ശേരി: വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ പുണ്യഭൂമിയിലേക്ക് പറന്നെത്താനായതിന്റെ നിര്‍വൃതിയിലാണ് ഇബ്രാഹിം മൗലവി. നീണ്ട 37 വര്‍ഷം ഒരു നിധിപോലെ മനസ്സില്‍ കാത്തുസൂക്ഷിച്ച ആഗ്രഹം സഫലമായതിന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ മൗലവിക്ക് വാക്കുകളില്ല.
കാത്തിരിപ്പിനൊടുവില്‍ വെള്ളിയാഴ്ച ഇബ്രാഹിം മൗലവി സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മക്കയിലേക്ക് യാത്രയായി. മലപ്പുറം പുത്തൂര്‍ പള്ളിക്കല്‍ സ്വദേശി പൊതാപ്പറമ്പ് വീട്ടില്‍ മൊയ്തീന്‍കുട്ടിയുടെ മകനായ ഇബ്രാഹിം മൗലവി 1978ലാണ് ആദ്യമായി ഹജ്ജിന് പോകാനുള്ള മോഹവുമായി മുംബൈയിലേക്ക് തീവണ്ടി കയറിയത്. അന്ന് ഹജ്ജ് കമ്മിറ്റിയുടെ കീഴിലാണ് ഇദ്ദേഹം അപേക്ഷ സമര്‍പ്പിച്ചിരുന്നത്. 5035 രൂപയായിരുന്നു കപ്പലില്‍ ഹജ്ജിന് പോകാനുള്ള ചെലവ്. മദ്രസ അദ്ധ്യാപകനായിരുന്ന ഇദ്ദേഹം കഷ്ടപ്പെട്ടാണ് തുക സമ്പാദിച്ചത്. എന്നാല്‍, ആദ്യം മൗലവിക്ക് അനുമതി ലഭിച്ചില്ല. പിന്നീട് ആ വര്‍ഷം കേന്ദ്ര ഹജ്ജ് കമ്മിറ്റി മുംബൈയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ തീര്‍ഥാടകരെ മക്കയിലേക്ക് കൊണ്ടുപോകുന്നുണ്ടെന്ന് അറിയിപ്പ് വന്നു. 8,000 രൂപയാണ് ചെലവ് പറഞ്ഞിരുന്നത്. എല്ലാം വിറ്റുപെറുക്കി തുക അടച്ചു. ഏതാനും ദിവസത്തിനു ശേഷം മുംബൈയില്‍ എത്താന്‍ അറിയിപ്പും വന്നു. ഇതനുസരിച്ച് ട്രെയിനില്‍ മുംബൈയില്‍ എത്തി. വെയ്റ്റിംഗ് ലിസ്റ്റില്‍ നാലാം പേരുകാരനായിരുന്നു മൗലവി. എന്നാല്‍ പിന്നീട് പ്രതീക്ഷകള്‍ തകര്‍ന്നു. കേരളത്തില്‍ നിന്ന് 23 പേര്‍ക്ക് മാത്രമാണ് ഈ വിമാനത്തില്‍ പോകാന്‍ അവസരം ലഭിച്ചത്. ഇതിനായി തിരഞ്ഞെടുത്തതാകട്ടെ ലിസ്റ്റിലെ ഏറ്റവും പ്രായം കൂടിയവരെയും. അതുകൊണ്ടുതന്നെ ഒഴിവാക്കപ്പെട്ടവരില്‍ അന്ന് 26കാരനായ മൗലവിയും ഉള്‍പ്പെട്ടു.
പിന്നീട് ഇതുവരെ ജീവിത പ്രാരബ്ധങ്ങള്‍ക്കിടയില്‍ ഇബ്രാഹിം മൗലവിക്ക് ഹജ്ജിന് പോകാന്‍ അവസരം ഒത്തുവന്നില്ല. അതിനു ശേഷം ഓരോ വര്‍ഷവും തീര്‍ഥാടകരെ ഹജ്ജിന് യാത്രയാക്കുമ്പോള്‍ ഇബ്രാഹിം മൗലവിയുടെ മനസ്സ് വിങ്ങുകയായിരുന്നു. തുടര്‍ച്ചയായി അഞ്ചാം വര്‍ഷത്തെ അപേക്ഷകര്‍ എന്ന പരിഗണയിലാണ് ഇദ്ദേഹത്തിനും ഭാര്യക്കും ഇത്തവണ ഹജ്ജിന് പുറപ്പെടാന്‍ അവസരം ലഭിച്ചത്. യാത്രയില്‍ ഭാര്യ ആമിനക്കുട്ടിയെയും കൂടെ കൂട്ടാന്‍ കഴിഞ്ഞതിലുള്ള സന്തോഷവും ഇബ്രാഹിം മൗലവി മറച്ചുവച്ചില്ല. കഴിഞ്ഞ 45 വര്‍ഷമായി ഏറണാകുളം ജില്ലയിലെ അടുവാശ്ശേരി ജമാഅത്തില്‍ മദ്രസ അദ്ധ്യാപകനായി ജോലി ചെയ്തുവരികയാണ് ഇബ്രാഹിം മൗലവി.

More Citizen News - Ernakulam