ഇല്ലിത്തോട്ടില്‍ അയ്യന്‍കാളി ഭവന പദ്ധതി ഉദ്ഘാടനം 14ന്‌

Posted on: 12 Sep 2015കാലടി: അയ്യന്‍കാളി ഭവന പദ്ധതി പ്രകാരം മലയാറ്റൂര്‍-നീലീശ്വരം പഞ്ചായത്തില്‍ നിര്‍മിച്ച 11 വീടുകളുടെ താക്കോല്‍ ദാനവും ഉദ്ഘാടനവും തിങ്കളാഴ്ച 5ന് ഇല്ലിത്തോട് ഗവണ്‍മെന്റ് സ്‌കൂള്‍ ഹാളില്‍ നടക്കും. മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ജോസ് തെറ്റയില്‍ എംഎല്‍എ അധ്യക്ഷനാകും. മുന്‍ എംപി കെ.പി. ധനപാലന്‍ താക്കോല്‍ദാനവും മുന്‍ എംഎല്‍എ പി.ജെ. ജോയി മുഖ്യപ്രഭാഷണവും നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണന്‍ ചെങ്ങാട്ട് പത്രസമ്മേളനത്തില്‍ അറിയിച്ചു.
പഞ്ചായത്തിന്റെ 2014-15 വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി ഇല്ലിത്തോട് ആനം വാര്‍ഡിലാണ് വീട് നിര്‍മിച്ചത്. 520 ചതുരശ്ര അടി വരുന്ന വീടിന് സിറ്റ് ഔട്ട്, 2 ബെഡ്‌റൂം, അടുക്കള, ഹാള്‍, ബാത്ത് റൂം എന്നിവ ഉണ്ട്. സെന്റിന് 2 ലക്ഷം രൂപ വിലമതിക്കുന്ന സ്ഥലത്താണ് 50 സെന്റിലായി 11 വീട് പണിതിരിക്കുന്നത്. വൈദ്യുതി, വെള്ളം തുടങ്ങിയ സൗകര്യങ്ങളുണ്ട്. ഒരു സാമൂഹിക കേന്ദ്രവും ഇതോടൊപ്പം നിര്‍മിക്കുന്നു. ചുറ്റുമതിലുമുണ്ട്. 2 ലക്ഷം രൂപയാണ് ഓരോ വീടുകള്‍ക്കും അനുവദിച്ചിരുന്നത്. 3 ലക്ഷം രൂപ ചെലവു വന്നു. പാറക്കല്ല്, മെറ്റല്‍ തുടങ്ങിയവ പാറമട ഉടമകളില്‍ നിന്നും മറ്റും സൗജന്യമായി സ്വീകരിച്ചാണ് നിര്‍മാണം പൂര്‍ത്തീകരിച്ചതെന്നും രാധാകൃഷ്ണന്‍ ചെങ്ങാട്ട് പറഞ്ഞു. പഞ്ചായത്തംഗങ്ങളായ കെ.ജെ. പോള്‍, ജോയി അപോക്കാരന്‍, വിജി രജി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

More Citizen News - Ernakulam