ഞാറയ്ക്കല്‍-മഞ്ഞനക്കാട് റോഡ് നിര്‍മാണം പാതിവഴിയില്‍

Posted on: 12 Sep 2015വൈപ്പിന്‍: വൈപ്പിനിലെ സംസ്ഥാനപാതയില്‍ നിന്ന് ഞാറയ്ക്കലിനെ മഞ്ഞനക്കാടുമായി ബന്ധിപ്പിക്കുന്ന പൊതുമരാമത്ത് റോഡിന് ഇനിയും ശാപമോക്ഷമായില്ല.
60 ലക്ഷം രൂപ ചെലവില്‍ പുനര്‍ നിര്‍മാണമാരംഭിച്ച റോഡ് പണി പാതിവഴിയില്‍ നിലച്ച നിലയിലാണ്. മെറ്റല്‍ വിരിച്ച് റോഡ് ഉയര്‍ത്തുന്ന ആദ്യഘട്ടം പൂര്‍ത്തിയാക്കിയിട്ട് മൂന്ന് മാസം പിന്നിട്ടു. പണിയെ തുടര്‍ന്ന് റോഡ് പലയിടങ്ങളിലും താഴ്ന്ന് കിടക്കുകയാണ്. ഈ പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമാണ്. മഴമാറിയാലുടന്‍ അടുത്ത ഘട്ടം പണിയാരംഭിക്കും എന്നാണ് കരാറുകാരനും അറിയിക്കുന്നത്.
മെജസ്റ്റിക് തിേയറ്ററിന് എതിര്‍വശത്ത് നിന്ന് മഞ്ഞനക്കാട് വരെയെത്തുന്ന ഏതാണ്ട് രണ്ട് കിലോമീറ്ററില്‍ താഴെ വരുന്നതാണ് ഈ റോഡ്. ഞാറയ്ക്കല്‍ പഞ്ചായത്തിലെ നാല് വാര്‍ഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സുപ്രധാന റോഡാണ് ഇത്.
പഞ്ചായത്തിന്റെ കീഴിലുള്ള ഏതാണ്ട് എല്ലാ റോഡുകളും വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് മുഖം മിനുക്കിയപ്പോള്‍ പൊതുമരാമത്തിന്റെ കീഴിലുള്ള ഈ റോഡ് മാത്രം തകര്‍ന്ന് തരിപ്പണമായ നിലയിലായിരുന്നു.
റസിഡന്റ്‌സ് അസോസിയേഷനുകളും മറ്റ് സംഘടനകളും നടത്തിയ നിരന്തര സമരങ്ങള്‍ക്കൊടുവിലാണ് റോഡ് പുനര്‍നിര്‍മിക്കാന്‍ തുക അനുവദിക്കുന്നത്. തുക അനുവദിച്ചിട്ടും മാസങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് നിര്‍മാണമാരംഭിക്കുന്നത്. നിര്‍മാണമാരംഭിച്ച ശേഷവും ചില തടസ്സവാദങ്ങളുയര്‍ന്നതിനെ തുടര്‍ന്ന് നിര്‍ത്തി വയ്‌ക്കേണ്ടിവന്നു.
റോഡ് ബലപ്പെട്ട് കിട്ടുന്നതിന് വേണ്ടിയാണ് കാത്തിരിപ്പ് എന്നതാണ് കരാറുകാരനും ഉദ്യോഗസ്ഥരും പറയുന്നത്. എന്നാല്‍, വര്‍ഷങ്ങളായി നിലവിലുണ്ടായിരുന്ന ഒരു റോഡ് ബലപ്പെട്ട് കിട്ടാനുള്ള കാത്തിരിപ്പ് മാത്രമാണ് ഈ കാലതാമസത്തിന് കാരണമെന്ന് ജനങ്ങള്‍ കരുതുന്നില്ല. കാരണം വൈപ്പിന്‍കരയിലുടനീളം ചെളി പ്രദേശങ്ങള്‍ നികത്തി നിര്‍മിച്ച റോഡുകള്‍ക്ക് പോലും നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഇത്തരം കാത്തിരിപ്പ് ഉണ്ടാകാറില്ല.
കുണ്ടും കുഴിയുമായി വെള്ളം കെട്ടിക്കിടക്കുന്ന ഈ റോഡിലൂടെയാണ് ശനിയാഴ്ച ഞാറയ്ക്കല്‍ സെന്റ് മേരീസ് പള്ളിയിലെ ആഘോഷമായ പട്ടണ പ്രദക്ഷിണം കടന്നുപോകേണ്ടത്.

More Citizen News - Ernakulam