ആലങ്ങാട് അഗ്രോസര്‍വീസ് സെന്ററിലെ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആളില്ല

Posted on: 12 Sep 2015തൊഴില്‍സേന പുറത്ത്.


കരുമാല്ലൂര്‍:
പരിശീലനം ലഭിച്ച തൊഴില്‍സേനാംഗങ്ങളെ പുറത്താക്കിയതിനാല്‍ ആലങ്ങാട് അഗ്രോ സര്‍വീസ് സെന്ററിലെ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആളില്ലാതായി.
കര്‍ഷകരുടെ ആവശ്യത്തിന് യന്ത്രങ്ങള്‍ ഉപയോഗിക്കണമെങ്കില്‍ പുറത്തുനിന്നും ആളെ വരുത്തണം. അല്ലെങ്കില്‍ അവര്‍ സ്വന്തമായി ചെയ്യണം. മൂന്ന് വര്‍ഷം മുമ്പാണ് ആലങ്ങാട് ബ്ലോക്കില്‍ കൃഷിവകുപ്പ് അഗ്രോ സര്‍വീസ് സെന്റര്‍ സ്ഥാപിച്ചത്.
കര്‍ഷകര്‍ക്ക് മിതമായ നിരക്കില്‍ യന്തവത്കൃത കൃഷി നടത്തുന്നതിനുവേണ്ടിയായിരുന്നു ഇത്. അതിനായി രണ്ട് വലുതുള്‍പ്പടെ മൂന്ന് ട്രാക്റ്റര്‍, ഒരു നടീല്‍ യന്ത്രം, മരംമുറിക്കുന്ന മോട്ടോര്‍, മരുന്ന് തളിക്കുന്ന പമ്പ് എന്നിവയെല്ലാമായിരുന്നു ആദ്യമായി നല്‍കിയത്.
ഇതെല്ലാം പ്രവര്‍ത്തിപ്പിക്കുന്നതിന് 15 പേരടങ്ങുന്ന ഒരു തൊഴില്‍സേനയെ എല്ലാ പരിശീലനവും നല്‍കി നിയമിക്കുകയും ചെയ്തു. എന്നാല്‍ ആവശ്യമായത്ര െതാഴിലില്ലാത്തതിനാല്‍ ചില സേനാംഗങ്ങള്‍ ഇതില്‍നിന്നും ഒഴിഞ്ഞുപോയി. അതോടെ കഴിഞ്ഞവര്‍ഷം പുതിയ സേന രൂപവത്കരിച്ചു.
പഴയ സംഘത്തിലുണ്ടായിരുന്ന വിദഗ്ധരായ തൊഴിലാളികളെ ഒഴിവാക്കിക്കൊണ്ടായിരുന്നു പുതിയ സേനയുടെ രൂപീകരണം. ഇപ്പോള്‍ ഒരു ടില്ലറുള്‍െപ്പടെ നിരവധി കാര്‍ഷികയന്ത്രങ്ങള്‍ പുതുതായി അനുവദിച്ചു കിട്ടിയിട്ടുമുണ്ട്. കൃഷിക്കാര്‍ ആവശ്യപ്പെടുന്ന സമയത്ത് യന്ത്രവുമായെത്താന്‍ സേനാംഗങ്ങള്‍ ഇല്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.
പഴയ സംഘത്തിലെ അംഗങ്ങള്‍ തയ്യാറാണെങ്കിലും അവരെ ഉപയോഗപ്പെടുത്താന്‍ തയ്യാറുമല്ല. അതുകൊണ്ട് അഗ്രോ സര്‍വീസ് സെന്ററിലെ യന്ത്രങ്ങള്‍ പുറത്തുനിന്നും ആളെ കൊണ്ടുവന്ന് പ്രവര്‍ത്തിപ്പിക്കുകയാണ്. ഇത് അഗ്രോസര്‍വീസ് സെന്റര്‍ എന്ന ലക്ഷ്യം പൂര്‍ണതയിലേക്കെത്തിക്കാന്‍ കഴിയുന്ന നടപടിയല്ല. അതുമല്ല അത്തരക്കാര്‍ യന്ത്രങ്ങള്‍ കൊണ്ടുപോകുന്നത് സുരക്ഷിതവുമല്ല.
വര്‍ഷങ്ങള്‍ക്കുമുമ്പ് ഇത്തരത്തില്‍ പലര്‍ക്കും ഉപയോഗിക്കാന്‍ ആലങ്ങാട് ബ്ലോക്ക് കൊടുത്ത യന്ത്രങ്ങള്‍ പലതും നശിച്ച് തുരുമ്പെടുത്ത് പലയിടത്തും കിടക്കുന്നത് കാണാം. കാര്‍ഷിക മേഖലയിലേക്ക് കടന്നുവരാന്‍ താത്പര്യം കാണിച്ച് യന്ത്രവത്കൃത കൃഷിയില്‍ പ്രാഗത്ഭ്യം നേടിയവര്‍ പുറത്തുനില്‍ക്കുമ്പോഴാണ് അഗ്രോ സര്‍വീസ് സെന്ററിന് ഈ ദുസ്ഥിതി വന്നിരിക്കുന്നത്.

More Citizen News - Ernakulam