നഗരസഭാ വോട്ടര്‍ പട്ടികയില്‍ സര്‍വത്ര പ്രശ്‌നം; സി.പി.എം. കൗണ്‍സിലര്‍ വരെ പുറത്ത്‌

Posted on: 12 Sep 2015മൂവാറ്റുപുഴ: നഗരസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മൂവാറ്റുപുഴ നഗരസഭ തയ്യാറാക്കിയ വോട്ടര്‍ പട്ടികയില്‍ നിലവിലെ കൗണ്‍സിലര്‍ അടക്കം പുറത്ത്. നഗരസഭ പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ പേരുണ്ടായിരുന്ന പലരും അന്തിമ പട്ടിക വന്നപ്പോള്‍ ഇല്ല.
നഗരസഭയുടെ 24-ാം വാര്‍ഡിലെ സ്ഥിര താമസക്കാരായ 40 കുടുംബങ്ങള്‍ അങ്ങിനെ തന്നെ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 18, 20, 25 വാര്‍ഡുകളിലെ നിരവധിപേര്‍ പട്ടികയ്ക് പുറത്താണ്.
കരട് പട്ടിക പ്രസിദ്ധീകരിച്ച ശേഷം കൂട്ടിച്ചേര്‍ക്കലുകള്‍ക്കും നീക്കം ചെയ്യലിനും ആക്ഷേപങ്ങള്‍ ബോധിപ്പിക്കുന്നതിനും അവസരം നല്‍കിയിരുന്നു. ഇതിനു ശേഷമാണ് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്. ഒഴിവാക്കപ്പെട്ടവരെ സംബന്ധിച്ച് ആക്ഷേപങ്ങളൊന്നും സമര്‍പ്പിച്ചിരുന്നുമില്ല. ഇവരെല്ലാം അതത് വാര്‍ഡുകളിലെ സ്ഥിര താമസക്കാരും നിവവിലെ പട്ടികയിലെ വോട്ടര്‍മാരുമാണ്.
കൂട്ടിച്ചേര്‍ക്കാന്‍ ആവശ്യമായ രേഖകള്‍ സഹിതം ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ചവരും പട്ടികയില്‍ വന്നിട്ടില്ലെന്നതാണ് പ്രത്യേകത. എന്നാല്‍, ഒഴിവാക്കാന്‍ ആവശ്യപ്പെട്ടവര്‍ പലരും അന്തിമ പട്ടികയിലുണ്ട് താനും. താമസം മാറിപ്പോയവരെ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് ഉറപ്പുവരുത്തി പട്ടികയില്‍ നിന്ന് നീക്കിയതായിരുന്നു. എന്നാല്‍, അന്തിമ പട്ടികയില്‍ ഇവരില്‍ ബഹുഭൂരിപക്ഷവും ഉള്‍പ്പെട്ടതെങ്ങിനെയാണെന്ന് ഉദ്യോഗസ്ഥര്‍ക്കു പോലും മനസ്സിലായിട്ടില്ല.
ഇനി പട്ടികയില്‍ ഉള്‍പ്പെടണമെങ്കില്‍ വീണ്ടും ഓണ്‍ലൈനില്‍ അപേക്ഷ നല്‍കി രേഖകള്‍ ഹാജരാക്കണം. എന്നാലും ഇവര്‍ പട്ടികയില്‍ വരും എന്നതിന് ഉറപ്പൊന്നുമില്ല. തിരഞ്ഞെടുപ്പ് വരുമ്പോഴേക്കും ഇതിന്റെ നടപടിക്രമങ്ങല്‍ തീരുമെന്നതിനും ഉറപ്പൊന്നുമില്ല.
വോട്ടര്‍ പട്ടികയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കമമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പല പരാതികളും നല്കിയിട്ടുണ്ടെങ്കിലും തീരുമാനങ്ങള്‍ വന്നിട്ടില്ലാത്തത് വോട്ടര്‍മാരെ ആശങ്കയിലാക്കിയിട്ടുണ്ട്.
വോട്ടര്‍ പട്ടികയിലെ തകരാറുകള്‍ നീക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ കൗണ്‍സിലറും ഡി.സി.സി. അംഗവുമായ പി.പി. എല്‍ദോസ് നഗരസഭയ്ക്ക് കത്ത് നല്കി. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച വന്നിട്ടുണ്ടെങ്കില്‍ തിരുത്തണം. പുറത്താക്കപ്പെട്ടവരെ പുതിയ അപേക്ഷ ഇല്ലാതെ തന്നെ പട്ടികയിലുള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

More Citizen News - Ernakulam