ഫാക്ട് പാക്കേജ് സജീവ പരിഗണനയില്‍; കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി

Posted on: 11 Sep 2015കളമശ്ശേരി: ഫാക്ട് പാക്കേജ് സജീവ പരിഗണനയിലുണ്ടെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഫാക്ടിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്, കൊച്ചിയില്‍ എത്തിയ അരുണ്‍ ജെയ്റ്റ്‌ലിക്ക് സേവ് ഫാക്ട് നിവേദനം നല്‍കിയിരുന്നു. ഇവിടെവച്ചാണ് പാക്കേജ് പരിഗണനയില്‍ ഉണ്ടെന്ന് അദ്ദേഹം അറിയിച്ചത്.
തിങ്കളാഴ്ച ധനമന്ത്രാലയത്തിന്റെ ഉന്നതയോഗത്തില്‍ ഫാക്ട് വിഷയം പരിഗണിച്ചിരുന്നു. താമസിയാതെ ഈ വിഷയത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും എന്ന് ജെയ്റ്റ്‌ലി ഉറപ്പു നല്‍കിയതായി സേവ് ഫാക്ട് പ്രതിനിധികള്‍ പറഞ്ഞു. അടിയന്തിര പ്രാധാന്യത്തോടെ 550 കോടി രൂപ ഫാക്ടിന് അനുവദിക്കണമെന്നാണ് നിവേദനത്തില്‍ മുന്നോട്ട് വയ്ക്കുന്ന പ്രധാന ആവശ്യം. എല്‍.എന്‍.ജി വിലയും മറ്റ് ഘടകങ്ങളും അനുകൂലമായിട്ടും അതൊന്നും ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോള്‍ ഫാക്ട് എന്നും നിവേദനത്തില്‍ പറയുന്നുണ്ട്. ഇതെല്ലാം പരിഗണിച്ച് എത്രയും വേഗം പാക്കേജ് നടപ്പാക്കണം എന്നാണ്
ആവശ്യം.
കലൂര്‍ ഗോകുലം പാര്‍ക്കില്‍ വച്ചാണ് ജയ്റ്റിലിയുമായി സേവ് ഫാക്ട് പ്രതിനിധികള്‍ ചര്‍ച്ച നടത്തിയത്. മന്ത്രിമാരായ കെ.എം. മാണി, രമേശ് ചെന്നിത്തല, വി.കെ ഇബ്രാഹിംകുഞ്ഞ്, എം.പിമാരായ പ്രൊഫ.വി.ജെ കുര്യന്‍, ജോസ്.കെ മാണി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.
സേവ് ഫാക്ട് നിവേദക സംഘത്തില്‍ പി.രാജിവ് എം.പി. കെ. ചന്ദ്രന്‍പിള്ള, എ.എന്‍. രാധാകൃഷ്ണന്‍, എന്‍.കെ. മോഹന്‍ദാസ്, എന്‍.പി. ശങ്കരന്‍കുട്ടി, പി.എസ്. മുരളി ടി.എം. സഹീര്‍, ജോര്‍ജ്ജ് തോമസ്, പി. ദേവരാജന്‍, പി.കെ. സത്യന്‍, ടി.എ. മാര്‍ഷല്‍, എ. വിശ്വനാഥന്‍, കെ. രാധാകൃഷ്ണന്‍, രമേശ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

More Citizen News - Ernakulam