തെരുവുനായ് ശല്യം: വിദ്യാര്‍ഥികള്‍ ഒപ്പ് ശേഖരിച്ചു

Posted on: 11 Sep 2015കൊച്ചി: തെരുവുനായ്ക്കളുടെ ശല്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ജനസേവ ശിശുഭവന്റെയും ഇടപ്പള്ളി അല്‍ അമീന്‍ പബ്ലിക് സ്‌കൂളിന്റെയും നേതൃത്വത്തില്‍ പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടത്തി. അല്‍-അമീന്‍ സ്‌കൂളില്‍ നടന്ന സമ്മേളനം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. എല്‍. ലക്ഷ്മി ഹരിദാസ് ഉദ്ഘാടനം ചെയ്തു. ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ അധ്യക്ഷത വഹിച്ചു. ജനസേവ ലീഗല്‍ അഡ്വൈസര്‍ അഡ്വ. ചാര്‍ളി പോള്‍ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രിന്‍സിപ്പല്‍ ഷഫീന നിസാം, അഡ്മിനിസ്‌ട്രേറ്റര്‍ ഷംസുദ്ദീന്‍ കെ.എം. എന്നിവര്‍ പ്രസംഗിച്ചു.
തെരുനായ്ക്കളെ ജനവാസകേന്ദ്രങ്ങളില്‍ നിന്ന് എത്രയുംവേഗം മാറ്റിപ്പാര്‍പ്പിക്കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നുമാവശ്യപ്പെട്ട് 10 ലക്ഷം വിദ്യാര്‍ഥികള്‍ ഒപ്പിട്ട ഭീമഹര്‍ജി പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് സമ്മേളനം സംഘടിപ്പിച്ചത്. അല്‍ അമീന്‍ പബ്ലിക് സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളും ഒപ്പ് ശേഖരണത്തില്‍ പങ്കാളികളായി. തെരുവുനായ്ക്കളുടെ ആക്രമണം നേരിടുന്നത് കൂടുതലും വഴിയാത്രക്കാരായ സ്‌കൂള്‍ വിദ്യാര്‍ഥികളും കൊച്ചുകുട്ടികളുമാണെന്നതിനാലാണ് വിദ്യാര്‍ഥികള്‍ ഒപ്പുശേഖരണവുമായി മുന്നിട്ടിറങ്ങിയത്.
ഭീമഹര്‍ജിയില്‍ പങ്കാളികളാകുവാന്‍ താത്പര്യമുള്ള സ്‌കൂളുകളില്‍ ഇതേ മാതൃകയില്‍ സമ്മേളനവും റാലിയും സംഘടിപ്പിക്കുമെന്ന് ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി പറഞ്ഞു.

More Citizen News - Ernakulam