ചെല്ലാനം ഹാര്‍ബര്‍: മൂന്ന് മാസത്തിനകം റോഡിനുള്ള ഭൂമി ഏറ്റെടുക്കും

Posted on: 11 Sep 2015ഇന്ന് മുതല്‍ ഗതാഗതം അനുവദിക്കുമെന്ന് ഭൂവുടമകള്‍

ചെല്ലാനം:
ചെല്ലാനം ഫിഷിങ് ഹാര്‍ബറിലേക്കുള്ള റോഡിനു വേണ്ടി ഭൂമി ഏറ്റെടുക്കല്‍ നടപടി മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കാന്‍ തീരുമാനമായി. വ്യാഴാഴ്ച ഡൊമിനിക് പ്രസന്റേഷന്‍ എംഎല്‍എയുടെയും ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യത്തിന്റെയും സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്.
ഭൂമി ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ പണം അനുവദിച്ചിട്ടുണ്ട്. റോഡ് കടന്നുപോകുന്നത് സ്വകാര്യ വ്യക്തിയുടെ ഭൂമിയിലൂടെയാണ്. പണം കിട്ടാത്തതിനാല്‍ റോഡ് വഴിയുള്ള ഗതാഗതം ഭൂവുടമകള്‍ തടസ്സപ്പെടുത്തുകയായിരുന്നു. ചര്‍ച്ചകള്‍ക്കൊടുവില്‍ ഗതാഗതം തടസ്സപ്പെടുത്തില്ലെന്ന് ഭൂവുടമകള്‍ ഉറപ്പ് നല്‍കി. വെള്ളിയാഴ്ച റോഡ് ഗതാഗതം പുനരാരംഭിക്കും.
22ന് ഭൂമിയുടെ വില നിശ്ചയിക്കാനുള്ള നടപടി തുടങ്ങും. എട്ടു വര്‍ഷമായി ഹാര്‍ബറിലേക്കുള്ള ഗതാഗതം ഈ റോഡിലൂടെയാണ്. ഭൂമി ഏറ്റെടുക്കാമെന്ന് സര്‍ക്കാര്‍ നേരത്തെ ഉറപ്പു കൊടുത്തിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു. അതിന് പണവും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച മുതല്‍ ഹാര്‍ബറിലേക്ക് ഗതാഗത തടസ്സങ്ങള്‍ ഒഴിവാകും. ഹാര്‍ബറിന്റെ പ്രവര്‍ത്തനവും സജീവമാകും.

More Citizen News - Ernakulam