കോര്‍പ്പറേഷന്റെ പുതിയ ആസ്ഥാന മന്ദിരം പൂര്‍ണമായും സൗരോര്‍ജത്തിലാക്കും

Posted on: 11 Sep 2015കൊച്ചി: പണിപുരോഗമിക്കുന്ന കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ മറൈന്‍ഡ്രൈവിലുള്ള ആസ്ഥാന മന്ദിരം പൂര്‍ണമായും സൗരോര്‍ജത്താല്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് ധാരണയായി.
കോര്‍പ്പറേഷന്‍ സന്ദര്‍ശിച്ച സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ച് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പി.വി.ടി. പവര്‍ കമ്പനിയുടെ പ്രതിനിധികളുമായി മേയറുടെ നേതൃത്വത്തിലുള്ള മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. കോര്‍പ്പറേഷന് യാതൊരു സാമ്പത്തിക ബാധ്യതയും വരാത്ത രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. മുഴുവന്‍ കെട്ടിടസമുച്ചയവും പ്രവര്‍ത്തിപ്പിക്കാവുന്ന സൗരോര്‍ജ പാനലാ യിരിക്കും കമ്പനി തയ്യാറാക്കുക. ഇതില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഊര്‍ജത്തിന് സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിക്കുന്ന തുക മാത്രമേ കോര്‍പ്പറേഷന്‍ കമ്പനിക്ക് നല്‍കേണ്ടതുള്ളൂ. കോര്‍പ്പറേഷന്റെ എല്ലാ സ്ഥാപനങ്ങളും സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ച് ഊര്‍ജ സ്വാശ്രയത്തിലേക്ക് മാറുന്നതിനുള്ള പദ്ധതിയെക്കുറിച്ചും പി.വി..ടി പവര്‍ കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തി.
കൂടിക്കാഴ്ചയില്‍ മേയര്‍ ടോണി ചമ്മണിയെ കൂടാതെ ഡെപ്യൂട്ടി മേയര്‍ ബി. ഭദ്ര, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ കെ.ജെ. സോഹന്‍, സൗമിനി ജയിന്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി വി.ആര്‍. രാജു തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Ernakulam