കാലടി സമാന്തര പാലം വൈകിക്കുന്നത് ബൈപ്പാസിനുള്ള നിയമപ്രശ്‌നങ്ങള്‍ -മുഖ്യമന്ത്രി

Posted on: 11 Sep 2015കാലടി: ബൈപ്പാസിന് സ്ഥലമേറ്റെടുക്കുന്നതില്‍ ഉണ്ടായ സാങ്കേതിക നിയമ പ്രശ്‌നങ്ങളാണ് കാലടി സമാന്തര പാലം നിര്‍മാണം വൈകിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രശ്‌നങ്ങള്‍ എത്രയുംവേഗം പരിഹരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കാലടി ഗ്രാമപഞ്ചായത്തിന്റെ ഓഫീസ് മന്ദിരവും ആധുനിക മത്സ്യ മാര്‍ക്കറ്റും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരി റെയില്‍പ്പാതയുടെ കാര്യത്തിലും തീര്‍പ്പുണ്ടാകേണ്ടതുണ്ട്. പദ്ധതിത്തുക സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറുമായി തര്‍ക്കം നിലനില്‍ക്കുകയാണ്. പുതുതായി വലിക്കുന്ന ലൈനിന്റെ 50 ശതമാനം ചെലവ് സംസ്ഥാന സര്‍ക്കാറുകള്‍ വഹിക്കണമെന്ന കേന്ദ്ര നിലപാടാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. പദ്ധതിയുടെ കാലടി ഭാഗംവരെ നിര്‍മാണം പൂര്‍ത്തിയായി. കാലടി റെയില്‍പ്പാലത്തിന്റേയും നിര്‍മാണം അവസാന ഘട്ടത്തിലെത്തി. പദ്ധതിയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന് ഇളവ് നല്‍കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.മ ന്ത്രി കെ. ബാബു അധ്യക്ഷനായി. ലൂഡി ലൂയിസ് എംഎല്‍എ, മുന്‍ എംപി കെ.പി. ധനപാലന്‍, മുന്‍ എംഎല്‍എമാരായ പി.ജെ. ജോയി, ജോണി നെല്ലൂര്‍, ഡോ. എം.സി. ദിലീപ്കുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. സാബു, എല്‍ദോസ് കുന്നപ്പിള്ളി, ബാബു ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
'എന്റെ വീട്' ഭവന പദ്ധതിയുടെ ഉദ്ഘാടനവും ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിപ്പിക്കല്‍ ചടങ്ങും നടന്നു. മുന്‍ പ്രസിഡന്റുമാരെ ആദരിച്ചു.

More Citizen News - Ernakulam