ലൈസന്‍സ് ലഭിച്ച ശേഷമേ കാനംമലയിലെ കരിങ്കല്‍ഖനനം ആകാവൂവെന്ന് പരിശോധനാ സംഘം

Posted on: 11 Sep 2015* പാലക്കുഴ വില്ലേജ് അധികൃതര്‍ നോട്ടീസ് പതിച്ചു


കൂത്താട്ടുകുളം:
പാലക്കുഴ പഞ്ചായത്തിലെ ഇല്ലിക്കുന്ന് കാനംമലയില്‍ നടക്കുന്ന കരിങ്കല്‍ഖനനം പരിശോധിക്കുന്നതിനായി ജില്ലാ പോലീസ് സുപ്രണ്ടിന്റെ പ്രത്യേക അന്വേഷണസംഘം സ്ഥലത്തെത്തി. പാലക്കുഴ വില്ലേജ് അധികൃതരും കരിങ്കല്‍ഖനനം നടക്കുന്ന സ്ഥലത്ത് വ്യാഴാഴ്ച വൈകിട്ടെത്തിയിരുന്നു. ഖനനം നടക്കുന്നുവെന്ന് ബോധ്യമായ സാഹചര്യത്തില്‍ ലൈസന്‍സുകള്‍ ലഭ്യമാകുന്ന മുറയ്ക്ക് മാത്രമേ പാറപൊട്ടിക്കല്‍ നടത്താവു എന്നുള്ള വിവരങ്ങളടങ്ങുന്ന നോട്ടീസ് സ്ഥലത്ത് പതിച്ചിട്ടുണ്ട്.
പാറമടയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുള്ള അനുമതി രേഖകള്‍ ഹാജരാക്കണമെന്ന് പോലീസ് സംഘം പാറമട നടത്തിപ്പുകാരനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. പാറ പൊട്ടിക്കുന്നതിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ സംബന്ധിച്ചുള്ള പരിശോധനയും നടന്നു. പാറ പൊട്ടിക്കുന്നതിന് സപ്തംബര്‍ 10ന് പ്രത്യേക അനുമതിയുണ്ട്.
പാലക്കുഴ പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് ഉള്‍പ്പെടുന്ന കാനംമല ഇല്ലിക്കുന്ന് പ്രദേശത്താണ് പാറമട പ്രവര്‍ത്തിക്കുന്നത് . പാറമടയുടെ പ്രവര്‍ത്തനം മൂലം ഇവിടെയുള്ള അമ്പതോളം വീട്ടുകാര്‍ക്ക് ബുദ്ധിമുട്ടുകളുണ്ടാകുന്നുവെന്ന് നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു . പാറമടയുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിനും മറ്റ് അധികൃതര്‍ക്കും നാട്ടുകാര്‍ ചേര്‍ന്ന് പരാതികള്‍ നല്കി. കഴിഞ്ഞ ദിവസം ചേര്‍ന്ന പഞ്ചായത്ത് ഗ്രാമസഭയിലും പാറമടയുടെ പ്രവര്‍ത്തനം ജനജീവിതത്തെ സാരമായി ബാധിക്കുന്നുവെന്ന് പരാതിയുണ്ടായി. ഇവിടത്തെ കരിങ്കല്‍ഖനനം തടയണമെന്ന ആവശ്യം ഗ്രാമസഭ പാസാക്കി.
കാനംമല ഇല്ലിക്കുന്ന് പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകള്‍ ഇല്ലാതാകുന്നതും വീടുകള്‍ക്ക് വിള്ളലുണ്ടാകുന്നതും ഇവിടത്തെ ജലനിധി പദ്ധതിക്ക് ദോഷം സംഭവിക്കുന്നതുമായ കാര്യങ്ങള്‍ നാട്ടുകാര്‍ അധികൃതരെ ബോധ്യപ്പെടുത്തിയിരുന്നു. കുടിവെള്ളക്ഷാമം രൂക്ഷമായ ഇവിടെ മൂങ്ങാംകുന്ന് വന്‍പിള്ളി താഴത്ത് നിന്നുള്ള വെള്ളം കാനംമലയിലെ ജലസംഭരണിയില്‍ എത്തിച്ച് വിതരണം ചെയ്യുന്ന ജലനിധി പദ്ധതി പ്രവര്‍ത്തിക്കുന്നുണ്ട് . 55 കുടുംബങ്ങള്‍ ഇതില്‍ അംഗങ്ങളാണ് .

More Citizen News - Ernakulam