അറ്റകുറ്റപ്പണികള്‍ക്കായി പോത്താനിക്കാട് പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ് വീണ്ടും അടച്ചു

Posted on: 11 Sep 2015പോത്താനിക്കാട്: പണി പൂര്‍ത്തീകരിക്കുന്നതിന് മുമ്പ് ഉദ്ഘാടനം നടത്തിയ പോത്താനിക്കാട് പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിന്റെ തകരാറുകള്‍ പരിഹരിക്കുന്നതിന് ശ്രമങ്ങളാരംഭിച്ചു. പണികളില്‍ അപാകം ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചിട്ടും അത് പരിഹരിക്കാതെ ഉദ്ഘാടനം കഴിഞ്ഞയുടനെ വാഹനങ്ങള്‍ കയറാന്‍ അനുവദിച്ചതാണ് തകരാറുണ്ടാകാന്‍ കാരണം. വിരിക്കല്ല് ഉപയോഗിച്ചാണ് ബസ് സ്റ്റാന്‍ഡ് നവീകരിച്ചത്. വാഹനങ്ങള്‍ കയറിയപ്പോള്‍ ഇതിളകി കുഴിയായി. ഇതേത്തുടര്‍ന്ന് പ്രശ്‌നം പരിഹരിക്കുന്നതിന് പഞ്ചായത്ത് ഭരണസമിതി കരാറുകാരന് നിര്‍ദേശം നല്‍കുകയായിരുന്നു.
ബസ് സ്റ്റാന്‍ഡ് നവീകരണത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ആരോപണവുമായി ഇടത് ഭരണസമിതിക്കെതിരെ രംഗത്തെത്തിയിരുന്നു.
ഇതിനിടെ ബസ് സ്റ്റാന്‍ഡ് വീണ്ടും അടച്ചിട്ടതോടെ യാത്രക്കാര്‍ക്ക് മാത്രമല്ല, ഇതിനകത്ത് കച്ചവടം ചെയ്യുന്നവര്‍ക്കും ബുദ്ധിമുട്ടായിത്തീര്‍ന്നു. നവീകരണത്തിന്റെ പേരില്‍ ഒരു മാസത്തോളം ബസ് സ്റ്റാന്‍ഡ് അടച്ചിട്ടത് കൂടാതെയാണ് ഇത്. ആളുകളാരും ബസ് സ്റ്റാന്‍ഡിലേക്ക് വരാതായതോടെ വെറുതെയിരിക്കേണ്ട അവസ്ഥയിലാണ് കച്ചവടക്കാര്‍. ബസ് സ്റ്റാന്‍ഡിന്റെ പണികള്‍ എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് അധികൃതര്‍ക്ക് ഉറപ്പുനല്‍കാനും കഴിയുന്നില്ല.

More Citizen News - Ernakulam