ജീവനക്കാര്‍ക്ക് മര്‍ദനം; എറണാകുളത്ത് ബോട്ട് ജീവനക്കാര്‍ പണിമുടക്കി

Posted on: 11 Sep 2015കൊച്ചി: യാത്രക്കാര്‍ മര്‍ദിച്ചുവെന്ന് ആരോപിച്ച് ബോട്ട് ജീവനക്കാര്‍ പണിമുടക്കി. സര്‍വീസ് നടത്തുന്ന പതിമൂന്ന് ബോട്ടുകളാണ് പണിമുടക്കിയത്. ബുധനാഴ്ച രാത്രി അവസാന സര്‍വീസിനിടെയാണ് ഏഴ് ജീവനക്കാര്‍ക്ക് മര്‍ദനമേറ്റത്. മര്‍ദിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് വ്യാഴാഴ്ച രാവിലെ മുതല്‍ എറണാകുളം ബോട്ട് ജെട്ടിയിലെ ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തിയത്. സമരം ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരി, വൈപ്പിന്‍ മേഖലകളിലെ യാത്രക്കാരെ ദുരിതത്തിലാക്കി. മര്‍ദനമേറ്റ ജീവനക്കാരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോട്ട് മാസ്റ്റര്‍ ഷാജു (39), പ്രദീപ് (43), സ്രാങ്ക് സോജന്‍ (44), ഡ്രൈവര്‍ ലക്ഷ്മണന്‍ (45), ലസ്‌കര്‍മാരായ വിഷ്ണു (22), രാജന്‍ ഫ്രാന്‍സിസ് (38), ഗേറ്റ് കീപ്പര്‍ വേണു (55) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രതികളെ അറസ്റ്റ് ചെയ്തതിനാല്‍ വൈകുന്നേരം മൂന്നരയോടെ സര്‍വീസ് പുനരാരംഭിച്ചു.
ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. വൈപ്പിന്‍ ജെട്ടിയില്‍ നിന്ന് എറണാകുളത്തേക്കുള്ള അവസാന ട്രിപ്പിലാണ് അഞ്ച് പേരുള്ള സംഘം കയറിയത്. വൈപ്പിന്‍ - എറണാകുളം റൂട്ടിലാണ് ബോട്ട് അവസാന ട്രിപ്പ് നടത്തുന്നത്. രണ്ടുപേരെ ഫോര്‍ട്ട്‌കൊച്ചിയില്‍ ഇറക്കണം എന്നതായിരുന്നു സംഘത്തിന്റെ ആവശ്യം. എന്നാല്‍ ഷെഡ്യൂള്‍ അനുസരിച്ചേ പോകാന്‍ സാധിക്കൂ എന്നറിയിച്ചതോടെ പ്രകോപിതരായ സംഘം ജീവനക്കാരെ മര്‍ദിക്കുകയായിരുന്നു. ആക്രമണത്തിനു ശേഷം ബോട്ടില്‍ നിന്നിറങ്ങിയ സംഘം ജെട്ടിയിലെ വാതിലുകളും ജനാലകളും അടിച്ചുതകര്‍ത്തു. ബോട്ടിലുണ്ടായ സുരക്ഷാ സംവിധാനങ്ങള്‍, ടിക്കറ്റ് മെഷീന്‍ എന്നിവയും സംഘം തകര്‍ത്തു.

ജീവനക്കാര്‍ പ്രതിഷേധിച്ചു
ജീവനക്കാര്‍ക്ക് വേണ്ട സംരക്ഷണം ലഭിക്കാതെ സര്‍വീസ് ആരംഭിക്കില്ല എന്ന തീരുമാനത്തിലാണ് പ്രതിഷേധം ആരംഭിച്ചത്. രാവിലെ 10 ന് ബോട്ട് ജെട്ടിയില്‍ നിന്ന് ജീവനക്കാര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ജീവനക്കാരെ മര്‍ദിച്ച് ഔദ്യോഗിക നിര്‍വഹണം തടസ്സപ്പെടുത്തുകയായിരുന്നെന്നും ജീവനക്കാര്‍ പറഞ്ഞു. ഇതിനു മുമ്പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ പോലീസിന്റെ അനാസ്ഥയാണ് അക്രമങ്ങള്‍ തുടരാന്‍ കാരണം. ഫോര്‍ട്ട്‌കൊച്ചി ബോട്ടപകടത്തിനു ശേഷം ബോട്ട് ജീവനക്കാര്‍ക്ക് നേരെയുള്ള അതിക്രമം വര്‍ദ്ധിച്ചുവെന്നും ജീവനക്കാര്‍ പറയുന്നു. പലപ്പോഴും ബോട്ടിലേക്ക് കൂടുതല്‍ പേര്‍ തള്ളിക്കയറുന്നത് വാക്കേറ്റത്തിനും ൈകയേറ്റത്തിനും ഇടയാകാറുണ്ട്.


യാത്രക്കാര്‍ വലഞ്ഞു

അക്രമികളെ അറസ്റ്റ് ചെയ്യുക, ജീവനക്കാര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബോട്ട് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തിയത് യാത്രക്കാരെ വലച്ചു. തങ്ങള്‍ക്ക് സംരക്ഷണം ലഭിക്കാതെ ജോലിയില്‍ പ്രവേശിക്കില്ലെന്ന് ജീവനക്കാര്‍ പറഞ്ഞതോടെ എറണാകുളം ജെട്ടിയില്‍ നിന്നുള്ള സര്‍വീസുകളെല്ലാം മുടങ്ങി. ബോട്ട് ദുരന്തത്തെ തുടര്‍ന്ന് ഗതാഗത മാര്‍ഗം അടഞ്ഞ ഫോര്‍ട്ട്‌കൊച്ചി, വൈപ്പിന്‍ മേഖലകളിലെ യാത്രക്കാര്‍ക്കുള്ള ഏക ആശ്രയമായിരുന്നു ജലഗതാഗത വകുപ്പിന്റെ ഇടയ്ക്കിടെയുള്ള സര്‍വീസുകള്‍. ഇതും മുടങ്ങിയതോടെ യാത്രാ മാര്‍ഗം പൂര്‍ണമായും അടഞ്ഞ നിലയിലായി. ഫോര്‍ട്ട് കൊച്ചി, വൈപ്പിന്‍ ജെട്ടികളില്‍ നിന്നുള്ള നൂറുകണക്കിന് യാത്രക്കാരാണ് യാത്രാ ദുരിതത്തിലായത്. ബോട്ടില്ലെന്ന് അറിഞ്ഞതോടെ പത്ത് മിനിറ്റ് കൊണ്ട് എത്തേണ്ടിടത്ത് ഒരു മണിക്കൂറിലധികം റോഡ് മാര്‍ഗം സഞ്ചരിക്കേണ്ട അവസ്ഥയാണ് ഉണ്ടായത്.

More Citizen News - Ernakulam