ലോ കോളേജ് സംഘര്‍ഷം; നാല് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍

Posted on: 10 Sep 2015കൊച്ചി: ഗവ. ലോ കോളേജില്‍ നടന്ന സംഘര്‍ഷത്തില്‍ നാല് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍. എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി അമല്‍, ഏരിയ വൈസ് പ്രസിഡന്റ് ആര്‍ഷോ, അഫ്‌സല്‍, പ്രിന്‍സ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. യാക്കൂബ് മേമനെ അനുകൂലിച്ച് പോസ്റ്റര്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം ഉണ്ടായത്.
സസ്െപന്‍ഷന്‍ നടപടി ഏകപക്ഷീയവും പ്രതിഷേധാര്‍ഹവുമാണെന്നും എസ്.എഫ്.ഐ. ആരോപിച്ചു. അതേസമയം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവത്തില്‍ അദ്ധ്യാപകര്‍ പരാതി ഒതുക്കി തീര്‍ക്കാനാണ് ശ്രമിച്ചതെന്ന് എം.എസ്.എഫ്. കുറ്റപ്പെടുത്തി. സുപ്രീം കോടതി വധ ശിക്ഷയ്ക്ക് വിധിച്ച യാക്കൂബ് മേമന്‍ വിശുദ്ധനാണെന്ന് കാട്ടി ലോ കോളേജ് വിദ്യാര്‍ത്ഥികള്‍ എന്ന പേരില്‍ ബോര്‍ഡ് വെച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. ഇത് ചോദ്യം ചെയ്ത എസ്.എഫ്.ഐ. പ്രവര്‍ത്തകരും എം.എസ്.എഫ്. പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. പിന്നീട് കോളേജിന് പുറത്തുനിന്നുള്ള സംഘം കോളേജില്‍ കടന്ന് വിദ്യാര്‍ത്ഥികളെ മര്‍ദിച്ചിരുന്നു.
ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ ഉപദ്രവിക്കുന്നത് റാഗിങ്ങിന്റെ പരിധിയില്‍ വരുന്ന കുറ്റമായിട്ടും പ്രിന്‍സിപ്പലും ആന്റി റാഗിങ് സ്‌ക്വാഡും യു.ജി.സി. നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായാണ് പ്രവര്‍ത്തിച്ചതെന്ന് എം.എസ്.എഫ് ആരോപിച്ചു. പ്രിന്‍സിപ്പലിനെതിരെ മര്‍ദനമേറ്റ ആദില്‍ ഹുസൈന്‍ സര്‍വകലാശാലയ്ക്കും യു.ജി.സി. ക്കും പരാതി നല്‍കിയതായി എം.എസ്.എഫ്. ജില്ലാ കമ്മിറ്റി അറിയിച്ചു.
എന്നാല്‍ ദേശവിരുദ്ധമായ പ്രചാരണത്തിലൂടെ സംഘര്‍ഷത്തിന് തുടക്കമിടുകയും കാമ്പസിലേക്ക് ഗുണ്ടാസംഘത്തെ എത്തിക്കുകയും ചെയ്ത എം.എസ്.എഫ്-കെ.എസ്.യു. പ്രവര്‍ത്തകര്‍ക്കെതിരെ കോളേജ് അധികൃതര്‍ നടപടിയെടുത്തില്ല. സംഭവത്തില്‍ ഒരു വിഭാഗത്തെ മാത്രം ശിക്ഷിക്കുന്നത് ഭരണ സ്വാധീനം ഉപയോഗിച്ചാണ്. കാമ്പസിന്റെ മതേതര സ്വഭാവം സംരക്ഷിക്കുന്നതിന് വേണ്ടി നിലകൊണ്ട വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കുന്നത് വരെ സമരം തുടരുമെന്ന് എസ്.എഫ്.ഐ. ഏരിയാ കമ്മിറ്റി പറഞ്ഞു.

More Citizen News - Ernakulam