ആയിരം വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു

Posted on: 10 Sep 2015എംപിയുടെ വിദ്യാധനം പദ്ധതി


തോപ്പുംപടി:
എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തിലുള്ള ആയിരം വിദ്യാര്‍ഥികള്‍ക്ക് പ്രൊഫ. കെ.വി. തോമസ് എംപി 2500 രൂപവീതം സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. എംപിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന 'വിദ്യാധനം' പദ്ധതിയുടെ ഭാഗമായാണിത്.
മേഖലയില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കും. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ ഉയര്‍ന്ന മാര്‍ക്ക് നേടിയ കുട്ടികളുടെ പട്ടിക ഇതിനായി തയ്യാറാക്കി.
കുട്ടികളുടെ പേരില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ പണം നിക്ഷേപിച്ച് പാസ് ബുക്കുകള്‍ കുട്ടികള്‍ക്ക് കൈമാറുമെന്ന് കെ.വി. തോമസ് എംപി പറഞ്ഞു. ഈ അക്കൗണ്ടില്‍ പിന്നീട് കുട്ടിക്കും രക്ഷിതാക്കള്‍ക്കും ചെറിയ സംഖ്യകള്‍ നിക്ഷേപിക്കാം. ഭാവി വിദ്യാഭ്യാസ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും വിദ്യാഭ്യാസ വായ്പ എളുപ്പത്തില്‍ ലഭിക്കുന്നതിനുമൊക്കെ ഇത് പ്രയോജനപ്പെടും. എടിഎം അടക്കമുള്ള ബാങ്കിങ് സൗകര്യങ്ങളും കുട്ടികള്‍ക്ക് ലഭിക്കും.
പദ്ധതിയുടെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ സെന്റ് തെരേസാസ് കോളേജ് ഓഡിറ്റോറിയത്തില്‍ ഗവര്‍ണര്‍ പി. സദാശിവം നിര്‍വഹിക്കും. മന്ത്രി കെ. ബാബു അധ്യക്ഷത വഹിക്കും.
മണ്ഡലത്തിലെ 123 സ്‌കൂളുകളിലെ 30,000 ത്തോളം കുട്ടികളെ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന 'വിദ്യാപോഷണം-പോഷകസമൃദ്ധം' പദ്ധതി ഈവര്‍ഷം തുടങ്ങും. കുട്ടികള്‍ക്ക് പോഷക സമൃദ്ധമായ ഉച്ചഭക്ഷണം നല്‍കുന്ന പദ്ധതിയാണിത്.
ഉച്ചഭക്ഷണത്തിനുള്ള സഹായം സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഇതോടൊപ്പം മുട്ട, ഇറച്ചി, പാല്‍ എന്നിവകൂടി കുട്ടികള്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം.
ചിക്കന്‍ കറി, മുട്ടക്കറി, പച്ചക്കറികള്‍, പ്രഭാതഭക്ഷണം, വൈകുന്നേരത്തെ ലഘുഭക്ഷണം, പാല്‍ തുടങ്ങിയവ ഈ പദ്ധതിപ്രകാരം സ്‌കൂളുകളില്‍ വിതരണം ചെയ്യുന്നുണ്ട്. സപ്തംബറില്‍ തുടക്കമാകും.

More Citizen News - Ernakulam