മുളവുകാട് ബോട്ട് ട്രിപ്പ് മുടക്കല്‍ പതിവ്; വലയുന്നത് താന്തോണി തുരുത്തുകാര്‍

Posted on: 10 Sep 2015കൊച്ചി: മുളവുകാട്ടേയ്ക്കുള്ള ജലഗതാഗത വകുപ്പിന്റെ ബോട്ട് പതിവായി ട്രിപ്പ് മുടക്കുന്നു. ഇതുമൂലം മുളവുകാട് നിന്നുള്ള സ്ഥിരം യാത്രക്കാര്‍ കൂടാതെ താന്തോണി തുരുത്തുകാരും കടുത്ത യാത്രാക്ലേശത്തിലായി. ബോട്ട് കേടാകുന്നതും പതിവാണ്. ബുധനാഴ്ച ഉച്ചയ്ക്ക് മുളവുകാട്ടേക്കുള്ള യാത്രയ്ക്കിടെ കേടായ ബോട്ട് അല്പനേരം കായലില്‍ ഒഴുകിനടന്നു. ബോട്ടിന്റെ ഉള്ളില്‍ പുക ഉയര്‍ന്നത് യാത്രക്കാരെ പരിഭ്രാന്തിയിലാഴ്ത്തി. പിന്നീട് മറ്റൊരു ബോട്ടിന്റെ സഹായത്തോടെ ഹൈക്കോടതി ജെട്ടിയില്‍ ആളെ ഇറക്കിയശേഷം എറണാകുളം ബോട്ട് ജെട്ടിയിലെത്തിച്ച് നന്നാക്കിയ ശേഷമാണ് ബോട്ട് ഓടിച്ചത്. ട്രിപ്പ് മുടങ്ങിയതിനെ തുടര്‍ന്ന് താന്തോണി തുരുത്തിലേക്ക് പോകേണ്ടവര്‍ മണിക്കൂറുകളാണ് ജെട്ടിയില്‍ കാത്തുനിന്നത്. ബുധനാഴ്ച കാലത്ത് ട്രിപ്പ് മുടക്കിയ ബോട്ടാണ് ഉച്ചയ്ക്ക് കേടായത്.
പകരം ബോട്ടുകളില്ലാത്തതിനാല്‍ ഫോര്‍ട്ട് കൊച്ചി, വൈപ്പിന്‍ ഭാഗത്തേക്കുള്ള ബോട്ട് കേടായാല്‍ മുളവുകാട്ടേയ്ക്കുള്ള ബോട്ട് പിന്‍വലിച്ച് അങ്ങോട്ടിടുകയാണ് ചെയ്യുന്നത്. അവിടെ യാത്രക്കാര്‍ രൂക്ഷമായി പ്രതിഷേധിക്കുന്നതാണ് കാരണം. മുളവുകാട്ടേയ്ക്ക് റോഡ് സൗകര്യമുണ്ടെന്ന ന്യായീകരണവും ഉദ്യോഗസ്ഥര്‍ പറയും. എന്നാല്‍ വിദ്യാര്‍ത്ഥികളടക്കം നൂറുകണക്കിനാളുകള്‍ ഇപ്പോഴും ബോട്ടിനെ ആശ്രയിക്കുന്നുണ്ട്. പലപ്പോഴും തിരക്ക് മൂലം ആസ്​പത്രി ജെട്ടി കഴിഞ്ഞാല്‍ ബോട്ട് അടുപ്പിക്കാനാവില്ല. വിദ്യാര്‍ത്ഥികള്‍ക്ക് ബോട്ടില്‍ കണ്‍െസഷനുമുണ്ട്.
വേണ്ടത്ര ഗതാഗത സൗകര്യമില്ലാത്തതിനാല്‍ മുളവുകാട് നിവാസികള്‍ കടുത്ത യാത്രാദുരിതത്തിലാണ്. 10 രൂപ നല്‍കി ഷെയര്‍ ഓട്ടോയിലാണ് ഭൂരിഭാഗവും നഗരത്തിലേക്ക് എത്തുന്നത്. അടുത്തിടെ നിരക്ക് 15 ആക്കിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് പഴയതുപോലെയാക്കി.
താന്തോണി തുരുത്തുകാര്‍ക്കാവട്ടെ ഒരു ഗതിയുമില്ലാത്ത സ്ഥിതിയാണ്. ചെറുവള്ളത്തില്‍ മുളവുകാട്ടെത്തി ഷെയര്‍ ഓട്ടോയില്‍ യാത്രെചയ്യേണ്ട സ്ഥിതിയാണിവര്‍ക്ക്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ ബോട്ട് ട്രിപ്പ് മുടക്കുന്നതിനാല്‍ രാത്രി വൈകിയാണ് വീടണയുന്നത്. പലപ്പോഴും മൂന്നും നാലും മണിക്കൂര്‍ ബോട്ട് കാത്ത് നില്‍ക്കേണ്ട ഗതികേടിലാണ് തങ്ങളെന്ന് താന്തോണി തുരുത്തുകാര്‍ പരിതപിക്കുന്നു. തുരുത്തിലേക്ക് പാലം വരുമെന്ന പ്രതീക്ഷയും ചുവപ്പ് നാടയില്‍ കുരുങ്ങിക്കിടക്കുകയാണ്.

More Citizen News - Ernakulam