പഴയ മാര്‍ക്കറ്റ് റോഡ്: റവന്യൂ ഉദ്യോഗസ്ഥരെ വ്യാപാരികള്‍ തടഞ്ഞു

Posted on: 10 Sep 2015അങ്കമാലി: പഴയ മാര്‍ക്കറ്റ് റോഡിലെ പുറംപോക്ക് അളന്ന് തിട്ടപ്പെടുത്താന്‍ എത്തിയ റവന്യൂ ഉദ്യോഗസ്ഥരെ വ്യാപാരികള്‍ തടഞ്ഞു.ആലുവ തഹസില്‍ദാര്‍ കെ.ചന്ദ്രശേഖരന്‍ നായരുടെ നേതൃത്വത്തിലെത്തിയ സര്‍വ്വെ ഉദ്യോഗസ്ഥരെയാണ് മാര്‍ക്കറ്റ് റോഡില്‍ തടഞ്ഞത്. കാലങ്ങളായി കച്ചവടം ചെയ്യുന്ന ഇവിടത്തെ വ്യാപാരികളെ ഒഴിപ്പിക്കുമ്പോള്‍ പുനരധിവാസം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് കച്ചവടക്കാര്‍ അധികൃതരെ തടഞ്ഞത്. കച്ചവടക്കാരുടെ ചെറുത്തുനില്പ് ശക്തമായതിനെ തുടര്‍ന്ന് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലീസിനെ വിളിച്ചു വരുത്തി. പിന്നീട് തഹസില്‍ദാര്‍ ജില്ലാ കളക്ടറുമായി ഫോണില്‍ ബന്ധപ്പെട്ടു.വ്യാപാരികളുടെ ആശങ്ക ചര്‍ച്ച ചെയ്യാന്‍ അവരെക്കൂടി ഉള്‍പ്പെടുത്തി ജനപ്രതിനിധികളുടെ യോഗം അടിയന്തരമായി വിളിക്കാമെന്ന് കളക്ടര്‍ അറിയിച്ചതിനെ തുടര്‍ന്ന് പുറംപോക്ക് അളവ് തത്കാലത്തേക്ക് നിര്‍ത്തിവച്ചു.ഇതിന് മുന്‍പ് രണ്ടുവട്ടം പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വ്യാപാരികളുടെഎതിര്‍പ്പിനെ തുടര്‍ന്ന് പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. 6 വര്‍ഷത്തോളമായി
പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു തുടങ്ങിയിട്ട്. റോഡ് പൊട്ടി തകര്‍ന്ന് സഞ്ചാര യോഗ്യമല്ലാതായിട്ട് കാലമേറെയായി. ഈ റോഡിന്റെ പുനര്‍നിര്‍മാണത്തിനായി എം.എല്‍.എ. ഫണ്ടില്‍ നിന്ന് 48 ലക്ഷം രൂപ അനുവദിക്കുകയും ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്. 260 മീറ്റര്‍ നീളം വരുന്ന റോഡ് 7 മീറ്റര്‍ വീതിയിലാണ് പുനര്‍നിര്‍മിക്കാന്‍ ലക്ഷ്യമിടുന്നത്.
കോണ്‍ക്രീറ്റ് കട്ട വിരിച്ചാണ് റോഡ് നിര്‍മിക്കുവാന്‍ ഉദ്ദേശിക്കുന്നത്.റോഡ് നിര്‍മാണത്തിനു ശേഷം ഇരുവശവും കാനയും നിര്‍മിക്കും.

More Citizen News - Ernakulam