ഓട്ടോയിലിടിച്ചിട്ടും നിര്‍ത്താതെ പാഞ്ഞ ലോറിയെ പിന്തുടര്‍ന്ന് പിടികൂടി

Posted on: 10 Sep 2015ആലുവ: ഓട്ടോറിക്ഷയിലിടിച്ചിട്ടും നിര്‍ത്താതെ പാഞ്ഞ കണ്ടെയ്‌നര്‍ ലോറി യുവാക്കള്‍ ഒന്നര കിലോമീറ്റര്‍ പിന്തുടര്‍ന്ന് പിടികൂടി പോലീസിന് കൈമാറി. അപകടത്തില്‍ കേടുപാടുകള്‍ പറ്റിയ ഓട്ടോറിക്ഷയ്ക്കും പരിക്കേറ്റ ഡ്രൈവര്‍ക്കും നഷ്ടപരിഹാരം നല്‍കി ലോറിഡ്രൈവര്‍ തടിയൂരി.
ചൊവ്വാഴ്ച രാത്രി 10.45ഓടെയാണ് സംഭവം. എന്‍.എ.ഡി.യിലെ ബിസ്‌കറ്റ് ഗോഡൗണില്‍ ചരക്ക് ഇറക്കിയ ശേഷം തമിഴ്‌നാട്ടിലേക്ക് പോയ ലോറിയാണ് അശോകപുരം അണ്ടി കമ്പനി കവലയില്‍ വച്ച് എതിര്‍ദിശയില്‍ നിന്ന് വന്ന ഓട്ടോറിക്ഷയില്‍ ഉരസിയത്. ഓട്ടോറിക്ഷയുടെ ചില്ല് തകരുകയും ഡ്രൈവര്‍ തോട്ടുമുഖം സ്വദേശി ബാബുവിന് പരിക്കേല്‍ക്കുകയും ചെയ്തു. റോഡില്‍ ആളില്ലാത്തതിനാല്‍ ലോറി നിര്‍ത്തിയില്ല. തൊട്ടുപിന്നാലെ കാറില്‍ വന്ന എടയപ്പുറം സ്വദേശികളോട് ഓട്ടോറിക്ഷാ ഡ്രൈവര്‍ സംഭവം പറഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ ലോറിയെ പിന്തുടരുകയായിരുന്നു. ഒന്നര കിലോമീറ്റര്‍ അകലെ എസ്.പി. ഓഫീസിനും ഗവ. ആശുപത്രിക്കും മദ്ധ്യേയുള്ള ഭാഗത്ത് വെച്ച് ലോറി തടഞ്ഞുനിര്‍ത്തി.
തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഓട്ടോറിക്ഷാഡ്രൈവറും ലോറി ഉടമയും ഫോണ്‍ മുഖേന ചര്‍ച്ച നടത്തി 12,000 രൂപ നഷ്ടപരിഹാരമായി നല്‍കിയാണ് പ്രശ്‌നം അവസാനിപ്പിച്ചത്.

More Citizen News - Ernakulam