വേദനസംഹാരി-ലഹരി ഗുളികകള്‍ വന്‍തോതില്‍ വാങ്ങി വില്പന നടത്തിയ യുവാവ് പിടിയില്‍

Posted on: 10 Sep 2015പിറവം: പ്രമുഖ മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍നിന്നും മോഷ്ടിച്ചെടുത്ത, ഡോക്ടറുടെ ലെറ്റര്‍ഹെഡ് ഉപയോഗിച്ച് വേദനസംഹാരി ഗുളികകളും ലഹരിഗുളികകളും വന്‍തോതില്‍ വാങ്ങി ലഹരിമരുന്നായി വില്പന നടത്തിയിരുന്ന യുവാവിനെ എക്‌സൈസ്സംഘം അറസ്റ്റ് ചെയ്തു. മുളന്തുരുത്തി കാരിക്കോട് ചേരമാന്‍തുരുത്തില്‍ ജോമി (26)യാണ് പിടിയിലായത്.
കാന്‍സര്‍ അടക്കമുള്ള മാരകമായ രോഗങ്ങള്‍ പിടിപെട്ടുകഴിയുന്നവര്‍ക്ക് ഡോക്ടറുടെ ചീട്ടിന്റെ അടിസ്ഥാനത്തില്‍മാത്രം വില്‍ക്കുന്ന ചില പ്രത്യേകതരം ഗുളികകളാണ് ഇയാള്‍ വാങ്ങി കവര്‍ നീക്കി മറിച്ച്വില്പന നടത്തിയത്. പിറവം, കോലഞ്ചേരി, തൃപ്പൂണിത്തുറ തുടങ്ങി ആവശ്യക്കാരുള്ള സ്ഥലങ്ങളിലെല്ലാമെത്തി മരുന്നുകള്‍ വില്പന നടത്തുകയായിരുന്നുവത്രെ.
സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ്വില്പന നടത്തിയിരുന്ന വൈക്കം കടകമ്പള്ളി സ്വാമിനാഥനെ ഏതാനും ദിവസം മുമ്പ് എക്‌സൈസ്സംഘം അറസ്റ്റ് ചെയ്തിരുന്നു.

More Citizen News - Ernakulam