സര്‍ക്കാര്‍ സംഭരിച്ച നെല്ല് കുത്തുന്ന മില്ലില്‍ സിവില്‍ സപ്ലൈസ് വിജിലന്‍സ് റെയ്ഡ്‌

Posted on: 10 Sep 2015


പി.എസ്. രാജേഷ്‌* 3.5 കോടിയുടെ ക്രമക്കേട്
* 1500 ടണ്‍ അരി കുറവ്
* പരിശോധന അട്ടിമറിക്കാന്‍ സമ്മര്‍ദം
* മില്ലുടമ വകുപ്പ് മന്ത്രിയുടെ പാര്‍ട്ടി നേതാവിന്റെ ബന്ധു


കടവൂര്‍:
സര്‍ക്കാര്‍ സംഭരിച്ച നെല്ല് അരിയാക്കി നല്‍കുന്ന സ്വകാര്യ മില്ലില്‍ സിവില്‍ സപ്ലൈസ് വിജിലന്‍സ് നടത്തിയ റെയ്ഡില്‍ കോടികളുടെ ക്രമക്കേട് കണ്ടെത്തി. 3.5 കോടിയോളം രൂപയുടെ ക്രമക്കേടാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. ഇത് ഇനിയും ഉയരുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. കോതമംഗലത്തിനടുത്ത് കടവൂരില്‍ കിഴക്കേഭാഗത്ത് ബിനുവിന്റെ മില്ലിലാണ് എറണാകുളം സിവില്‍ സപ്ലൈസ് വിജിലന്‍സ് വിഭാഗം പരിശോധന നടത്തിയത്. ബുധനാഴ്ച രാവിലെ മുതല്‍ 11 പേരടങ്ങുന്ന ഉദ്യോഗസ്ഥ സംഘം രണ്ട് മില്ലുകളിലും രണ്ട് സംഭരണികളിലും തുടങ്ങിയ പരിശോധന വൈകീട്ടും തുടര്‍ന്നു. സിവില്‍ സപ്ലൈസ് വകുപ്പില്‍ ഉന്നതതല ബന്ധമുള്ള കേരള കോണ്‍ഗ്രസ് നേതാവിന്റെ ബന്ധുവിന്റേതാണ് മില്ലും ഗോഡൗണും.
1500 ടണ്‍ അരിയുടെ കുറവാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. സപ്ലൈകോ വഴി സര്‍ക്കാര്‍ വിതരണം ചെയ്യുന്ന അരിക്ക് 23 രൂപ വില കണക്കാക്കിയാല്‍ 3.45 കോടിയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നതെന്നു കണക്കാക്കാം. ഇത് പൊതു വിപണി വിലയായ 35 രൂപ വച്ച് കണക്കാക്കിയാല്‍ 5.25 കോടിയോളം വരും.
സര്‍ക്കാര്‍ കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന നെല്ല് കുത്തി അരിയാക്കി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് നല്‍കാനാണ് മില്ലുടമകളുമായുള്ള കരാര്‍. 100 കിലോ നെല്ല് സര്‍ക്കാര്‍ മില്ലിനു നല്‍കുമ്പോള്‍ 68 കിലോ അരി തിരിച്ചു നല്‍കണമെന്നാണ് വ്യവസ്ഥ. ഇതുപ്രകാരം 600 ലോഡ് നെല്ലാണ് (6000 ടണ്‍) ഈ മില്ലുടമയ്ക്ക് നല്‍കിയിരുന്നത്. കാലാവധി കഴിഞ്ഞിട്ടും അരി തിരികെ നല്‍കാത്തതിനാലാണ് പരിശോധന നടന്നത്. കണക്കുപ്രകാരം 4080 ടണ്‍ അരി സര്‍ക്കാറിന് തിരിച്ചു നല്‍കണം. ഇതില്‍ 1510 ടണ്‍ അരി കുറച്ചാണ് ലഭിച്ചതെന്ന കണക്കു പ്രകാരമായിരുന്നു റെയ്ഡ്.
റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യാനുള്ള കുത്തരിയില്‍ കുറവ് വന്നതോടെയാണ് സിവില്‍ സപ്ലൈസ് എം.ഡി. യുടെ നേതൃത്വത്തില്‍ പരിശോധന തുടങ്ങിയത്.
മില്ലുകളില്‍ നിന്ന് കിട്ടേണ്ട അരിയില്‍ വന്‍ തോതില്‍ കുറവ് കണ്ടെത്തിയതോടെ റെയ്ഡ് നടത്തുകയായിരുന്നു.
കഴിഞ്ഞ മാര്‍ച്ചിനുള്ളില്‍ കൊടുത്തു തീര്‍ക്കേണ്ട അരി പോലും നല്‍കിയിട്ടില്ലെന്ന വിവരവും പരിശോധനയില്‍ കണ്ടെത്തി. മാര്‍ച്ചിനു ശേഷം നല്‍കേണ്ട അരിയാണ് ഇപ്പോള്‍ പരിശോധിക്കാനിരുന്നത്.
താരതമ്യേന ചെറിയ മില്ലായ കടവൂരിലേക്ക് 600 ലോഡ് നെല്ല് നല്‍കിയതായും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. മില്ലുകള്‍ക്ക് ശേഷിയുണ്ടെങ്കിലും ഇതിനേക്കാള്‍ ശേഷിയുള്ള മില്ലുകള്‍ക്ക് ഇവര്‍ക്ക് നല്‍കിയതിനേക്കാള്‍ കുറച്ച് നെല്ലേ നല്‍കിയിരുന്നുള്ളൂ. ഇതിനു പിന്നില്‍ വകുപ്പ് മന്ത്രിയുടെ പാര്‍ട്ടിയുടെ നേതാവിന്റെ സ്വാധീനമാണെന്നും ആക്ഷേപമുണ്ട്. നെല്ലു കുത്തി അരിയാക്കി നല്‍കുന്നതിലെ മറ്റ് ക്രമക്കേടുകള്‍ സംബന്ധിച്ചും വിജിലന്‍സിന് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പിടിച്ചെടുത്ത നെല്ലും അരിയും പോലീസിന് കൈമാറും. ഇതിനിടെ, കേസ്സൊതുക്കാന്‍ കടുത്ത രാഷ്ട്രീയ സമ്മര്‍ദം നടക്കുന്നതായി ആരോപണമുണ്ട്.

More Citizen News - Ernakulam