കളമശ്ശേരിയില്‍ മുന്‍ ചെയര്‍മാന്റെയും കൗണ്‍സിലറുടെയും അയോഗ്യത ശരിവച്ചു

Posted on: 10 Sep 2015കൊച്ചി: കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ മുന്‍ ചെയര്‍മാന്‍ എന്‍.കെ. പവിത്രനും നിലവിലെ കൗണ്‍സിലര്‍ ചന്ദ്രിക പത്മനാഭനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കല്പിച്ച അയോഗ്യത ഹൈക്കോടതി ശരിവച്ചു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആറ് വര്‍ഷത്തേക്ക് വിലക്കുന്നതാണ് കമ്മീഷന്റെ 2012-ലെ വിധി.
വിപ്പ് ലംഘനം വ്യക്തമല്ലെങ്കിലും പാര്‍ട്ടി തീരുമാനത്തിനെതിരായ പ്ര!വൃത്തി കൂറില്ലായ്മയ്ക്ക് തുല്യമാണെന്ന് കോടതി വിലയിരുത്തി. 2000-ല്‍ യു.ഡി.എഫില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ജയിച്ച രണ്ടുപേരും പാര്‍ട്ടിയുടെ തീരുമാനം ലംഘിച്ചിരുന്നു. ഇരുവരും സ്വമേധയാ പാര്‍ട്ടി വിട്ടതായി കണക്കാക്കിയാണ് കമ്മീഷന്‍ അയോഗ്യത കല്പിച്ചത്.
2012-ലെ ഉത്തരവിലൂടെ ആറ് വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കുകയും ചെയ്തു. അതിനെതിരെ പവിത്രനും ചന്ദ്രികയും നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് പി.വി. ആശയുടെ ഉത്തരവ്. 2000-ല്‍ ജയിച്ച എന്‍.കെ. പവിത്രന്‍ മുനിസിപ്പല്‍ ചെയര്‍മാനായിരുന്നു.
2003-ല്‍ രാജിവച്ചു. പിന്നീട് ജമാല്‍ മണക്കാടന്‍ ചെയര്‍മാനായെങ്കിലും അദ്ദേഹവും രാജിവച്ചു. തുടര്‍ന്ന് എം.ബി. പ്രകാശും എന്‍.കെ. പവിത്രനും ചെയര്‍മാന്‍ സ്ഥാനാര്‍ഥികളായി. പവിത്രന്‍ ജയിക്കുകയും ചെയ്തു. പാര്‍ട്ടി തീരുമാനം ലംഘിച്ച പവിത്രനും ചന്ദ്രികയ്ക്കുമെതിരെ കൂറുമാറ്റം ആരോപിച്ച് മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. നന്ദകുമാര്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. പ്രസ്തുത പരാതിയിലാണ് കമ്മീഷന്‍ ഇരുവര്‍ക്കും അയോഗ്യത കല്പിച്ചത്.
ചന്ദ്രിക പത്മനാഭന്‍ 2010-ലെ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വീണ്ടും കൗണ്‍സിലറായിരുന്നു. ഇനി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി സ്റ്റേ നേടാനായില്ലെങ്കില്‍ ഇരുവര്‍ക്കും ഈ വര്‍ഷം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല.

More Citizen News - Ernakulam