അപകീര്‍ത്തിക്കേസില്‍ ബിജു രമേശ് ഇന്ന് ഹാജരാകുന്നതിന് ഇളവ്‌

Posted on: 10 Sep 2015കൊച്ചി: മന്ത്രി ബാബു നല്‍കിയ അപകീര്‍ത്തിക്കേസില്‍ ബാര്‍ ഉടമ അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് വ്യാഴാഴ്ച നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഹൈക്കോടതി ഒഴിവാക്കി. സപ്തംബര്‍ 10 ന് തിരുവനന്തപുരത്ത് മറ്റൊരു കേസില്‍ ഹാജരാകേണ്ടതിനാല്‍ ഒഴിവാക്കണമെന്ന ആവശ്യം പരിഗണിച്ചാണ് ജസ്റ്റിസ് സുനില്‍ തോമസിന്റെ ഇടക്കാല ഉത്തരവ്. എന്നാല്‍ ബിജു രമേശിനു വേണ്ടി വക്കീല്‍ ഹാജരാവണം.
മന്ത്രി ബാബു എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ നല്‍കിയ അപകീര്‍ത്തിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജു രമേശ് നല്‍കിയ ഹര്‍ജിയിലാണിത്. ഹര്‍ജി വീണ്ടും സപ്തംബര്‍ 28-ന് ഹൈക്കോടതി പരിഗണനയ്‌ക്കെടുക്കും.
തിരുവനന്തപുരത്ത് താമസിക്കുന്ന വ്യക്തിയായതിനാല്‍ എറണാകുളത്തെ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ബിജു രമേശ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. അപകീര്‍ത്തിക്കേസിലെ നടപടി സ്റ്റേ ചെയ്യണമെന്നും ആവശ്യമുണ്ട്.
ബാറുകളുടെ വാര്‍ഷിക ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ ബാറുടമകളില്‍ നിന്ന് മന്ത്രി തുക ആവശ്യപ്പെട്ടെന്ന് മെയ് 30-ന് കോടതിയില്‍ മൊഴി നല്‍കിയ ശേഷം ബിജു രമേശ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തനിക്ക് മാനഹാനി വരുത്താനും 45 വര്‍ഷത്തെ പൊതുജീവിതത്തെ കളങ്കപ്പെടുത്താനും ബിജു ബോധപൂര്‍വം തെറ്റായ കാര്യങ്ങള്‍ പറയുകയായിരുന്നെന്നാണ് അപകീര്‍ത്തിക്കേസില്‍ മന്ത്രി ബാബു ആക്ഷേപമുന്നയിക്കുന്നത്.

More Citizen News - Ernakulam