തടിമാര്‍ക്കറ്റില്‍ വ്യാജ തൂക്കച്ചീട്ടുണ്ടാക്കി കോടികളുടെ തട്ടിപ്പ്; രണ്ട് പേര്‍ക്കെതിരെ കേസ്‌

Posted on: 10 Sep 2015പെരുമ്പാവൂര്‍: പെരുമ്പാവൂരിലെ തടിമാര്‍ക്കറ്റില്‍ വ്യാജ തൂക്കച്ചീട്ടുണ്ടാക്കി കോടികളുടെ വെട്ടിപ്പ് നടത്തിയ കേസില്‍ രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. തടിക്കച്ചവടത്തിലെ ഇടനിലക്കാരായ വട്ടയ്ക്കാട്ടുപടി കാനാംപുറം അബു, കാനാംപുറം സക്കറിയ എന്നിവര്‍ക്കെതിരെയാണ് കേസ്. ഇവര്‍ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. ഇവരുെട വീടുകളില്‍ പോലീസ് പരിശോധന നടത്തി രേഖകള്‍ പിടിച്ചെടുത്തു.
സോമില്‍ ഓണേഴ്‌സ് ആന്‍ഡ് പ്ലൈവുഡ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്റേയും തട്ടിപ്പിനിരയായവരുടേയും പരാതിയെത്തുടര്‍ന്നാണ് പോലീസ്‌ േകസെടുത്തത്. തടിമില്‍, പ്ലൈവുഡ് കമ്പനിയുടമകള്‍, കച്ചവടക്കാര്‍ എന്നിവരാണ് തട്ടിപ്പിനിരയായത്. ദിവസവും നൂറുകണക്കിന് തടിലോറികളാണ് അസോസിയേഷന്റെ കീഴിലുള്ള വട്ടയ്ക്കാട്ടുപടിയിലെ വേ ബ്രിഡ്ജില്‍ തൂക്കം നോക്കി കച്ചവടം നടത്തുന്നത്. തൂക്കം നോക്കി അസോ. നല്‍കുന്ന ചീട്ടിന്റെ അതേ രൂപത്തില്‍ വ്യാജ ചീട്ടുണ്ടാക്കിയായിരുന്നു തട്ടിപ്പ്. തടി വില്‍ക്കുന്നവര്‍ക്ക് തൂക്കം കുറച്ചും വാങ്ങുന്നവര്‍ക്ക് തൂക്കം കൂട്ടിയും ചീട്ടുകള്‍ നല്‍കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. മൂന്ന് വര്‍ഷത്തിലധികമായി ഈ രീതിയില്‍ തട്ടിപ്പ് നടത്തിയിരുന്നതായാണ് വിവരം.

More Citizen News - Ernakulam