കനാല്‍ കൈയേറ്റം: ബിജു രമേഷിനെതിരായ നടപടി വെള്ളക്കെട്ട് ഒഴിവാക്കാനെന്ന് സര്‍ക്കാര്‍

Posted on: 10 Sep 2015കൊച്ചി: തിരുവനന്തപുരത്ത് കനാല്‍ കൈയേറി കെട്ടിടം നിര്‍മിച്ചെന്ന് കാണിച്ച് ബിജു രമേഷിനെതിരെ നടപടി ആരംഭിച്ചത് നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. മറ്റെന്തെങ്കിലും ദുരുദ്ദേശ്യം അതിനില്ലെന്നും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ട് കെ.ആര്‍. വിനോദ് ഹൈക്കോടതിയെ അറിയിച്ചു.
തെക്കനക്കര കനാല്‍ നവീകരണത്തിന്റെയും കനാല്‍ കൈയേറ്റം ഒഴിപ്പിക്കുന്നതിന്റെയും ഭാഗമായാണ് നടപടി. തെക്കനക്കര കനാല്‍, ആമയിഴഞ്ചാന്‍ തോട് എന്നിവയിലാണ് കൈയേറ്റം പ്രധാനമായി കണ്ടെത്തിയിട്ടുള്ളത്.
തെക്കനക്കര കനാലിന് മുകളിലാണ് ബിജു രമേഷിന്റെ കെട്ടിടമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. കനാലും തീരവും സര്‍ക്കാറിന്റേതാണ്. കനാലിന് മുകള്‍വശം സ്വന്തമാണെന്ന് ബിജു രമേഷിന് വാദമില്ലെന്ന് സര്‍ക്കാര്‍ ബോധിപ്പിക്കുന്നു. അതിന് ആധാരമായ രേഖകള്‍ ഹാജരാക്കിയിട്ടുമില്ല.
തമ്പാനൂര്‍ ഉള്‍പ്പെടെ വെള്ളം കയറിയതോടെയാണ് കനാല്‍ കൈയേറ്റം ഒഴിപ്പിക്കല്‍ ഊര്‍ജിതമാക്കിയത്. നൂറിലധികം കൊല്ലം പഴക്കമുള്ള കനാലിന്റെ സ്ഥിതി മോശമാണെന്ന് ജലസേചന വകുപ്പിന്റെ റിപ്പോര്‍ട്ടുണ്ട്. പലേടത്തെയും കൈയേറ്റവും ചെളിയടിഞ്ഞതും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ഹര്‍ജിക്കാരന് നോട്ടീസ് നല്‍കി വാദം കേള്‍ക്കാന്‍ സമയം നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ബോധിപ്പിക്കുന്നു. ഇത് അടുത്ത ദിവസം കോടതിയുടെ പരിഗണനയ്ക്ക് വരും.
'ഓപ്പറേഷന്‍ അനന്ത'യുടെ ഭാഗമായാണ് ബാര്‍ ഹോട്ടല്‍ ഉടമ അസോസിയേഷന്‍ ഭാരവാഹി ബിജു രമേഷിന്റെ കെട്ടിടം പൊളിച്ചുനീക്കാന്‍ നോട്ടീസ് നല്‍കി നടപടിയാരംഭിച്ചത്. ബാര്‍ കോഴക്കേസില്‍ സര്‍ക്കാറിനെതിരായ നിലപാട് എടുത്തതിന്റെ പേരിലാണ് തനിക്കെതിരെ നടപടിയെന്ന് ബിജു രമേഷ് ചൂണ്ടിക്കാട്ടിയിരുന്നു.

More Citizen News - Ernakulam