അമ്പലപ്പുഴ ക്ഷേത്രക്കുളത്തില്‍ മത്സ്യങ്ങള്‍ ചത്തത് വിഷമയ ആല്‍ഗകകളുടെ ആധിക്യംമൂലമെന്ന് റിപ്പോര്‍ട്ട്

Posted on: 10 Sep 2015കൊച്ചി: അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയതിന് കാരണം വിഷമയമായ നീലഹരിത ആല്‍ഗയായ ഓസിലറ്റോറിയയുടെ അനിയന്ത്രിതമായ വളര്‍ച്ച മൂലമാണെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്.
കൊച്ചിയിലെ കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയിലെ (കുഫോസ്) സ്‌കൂള്‍ ഓഫ് അക്വാ കള്‍ച്ചര്‍ ആന്‍ഡ് ടെക്‌നോളജിയിലെ ശാസ്ത്രസംഘമാണ് കുളത്തിലെ വെള്ളം പരിശോധിച്ച് നിഗമനത്തിലെത്തിയത്.
പായല്‍ വര്‍ഗത്തില്‍പ്പെട്ട സസ്യപ്ലവകങ്ങളില്‍ വിഷമയമായ ആല്‍ഗയാണ് ഓസിലറ്റോറിയ. വെള്ളത്തില്‍ പോഷകവസ്തുക്കള്‍ കൂടുന്നതാണ് ഈ ആല്‍ഗകള്‍ പെരുകാനുള്ള പ്രധാന കാരണം. കുളത്തില്‍ അമിതമായ തോതില്‍ ഭക്ഷ്യവസ്തുക്കള്‍ നിക്ഷേപിക്കുന്നതാണ് വെള്ളത്തില്‍ പോഷക ഘടകങ്ങള്‍ കൂടുന്നത്. ഇതുകൂടാതെ, കുളത്തിലെ വെള്ളം പുറത്തേക്കും അകത്തേക്കും ഒഴുകാത്തതും ആല്‍ഗകള്‍ വര്‍ധിക്കാനുള്ള കാരണമാണ്. ഒരു മില്ലിലിറ്റര്‍ വെള്ളത്തില്‍ ഒരു ലക്ഷത്തി മുപ്പതിനായിരം എണ്ണം ഓസിലേറ്ററുകളെയാണ് കണ്ടെത്തിയത്. ഇത് വളരെ കൂടുതലാണ്. ആല്‍ഗകള്‍ പെരുകുന്നതുമൂലം വെള്ളത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്നതാണ് മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നതിന് കാരണം. ഓസിലറ്റോറിയ ആല്‍ഗകകള്‍ വെള്ളത്തില്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ അതിലെ മത്സ്യങ്ങള്‍ ഭക്ഷ്യയോഗ്യമല്ല.
വൈസ്ചാന്‍സലര്‍ ഡോ. ബി. മധുസൂദനക്കുറുപ്പിന്റെ നിര്‍ദ്ദേശപ്രകാരം കുഫോസിലെ അസിസ്റ്റന്റ് പ്രൊഫസര്‍മാരായ ഡോ. സ്വപ്‌ന പി. ആന്റണി, ഡോ. ബിനു വര്‍ഗീസ്, ഡോ. ലിനോയ് ലിബിനി എന്നിവരാണ് കുളം സന്ദര്‍ശിച്ച് പരിശോധന നടത്തിയത്.
വെള്ളം മാറ്റുകയാണ് ആല്‍ഗകള്‍ കുറയ്ക്കാനുള്ള പ്രതിവിധി. എയ്‌റേഷന്‍ നല്‍കിയാല്‍ താത്കാലികമായി ഓക്‌സിജന്റെ അളവ് നിയന്ത്രിക്കാനാകും. ഭാവിയില്‍ അമിതമായ തോതില്‍ ഭക്ഷ്യവസ്തുക്കള്‍ നിക്ഷേപിക്കുന്നത് നിയന്ത്രിക്കുകയും െവള്ളം പുറത്തേക്കും അകത്തേക്കും ഒഴുകുന്നതിന് സംവിധാനമൊരുക്കുകയും ചെയ്യണമെന്നും വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മഹേഷും സംഘത്തോടൊപ്പമുണ്ടായിരുന്നു.


More Citizen News - Ernakulam