നഗരസഭാ ഓഫീസിലേക്ക് ഇടത് മുന്നണി മാര്‍ച്ച് ഇന്ന്‌

Posted on: 09 Sep 2015ഫോര്‍ട്ടുകൊച്ചി ബോട്ട്ദുരന്തം

കൊച്ചി :
ഫോര്‍ട്ടുകൊച്ചി ബോട്ട് അപകടത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഇടത് മുന്നണി ബുധനാഴ്ച കോര്‍പ്പറേഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. നഷ്ടപരിഹാര പാക്കേജ് ഉടനെ പ്രഖ്യാപിക്കണമെന്നും ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ റൂട്ടില്‍ ബദല്‍ യാത്രാസംവിധാനം ഒരുക്കണമെന്നും ഇടത് മുന്നണി നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മുമ്പുണ്ടായ ബോട്ട് അപകടങ്ങളെക്കുറിച്ചുള്ള ജുഡീഷ്യല്‍ അന്വേഷണ ശുപാര്‍ശകള്‍ എന്തുകൊണ്ട് നടപ്പാക്കിയില്ല എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അറിയാന്‍ ജുഡീഷ്യല്‍ അന്വേഷണം തന്നെ വേണം. ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള അന്വേഷണം കണ്ണില്‍പൊടിയിടാന്‍ മാത്രമാണ്. കാലപ്പഴക്കം വന്നതും സുരക്ഷിതമല്ലാത്തതുമായ ബോട്ടിന് തുറമുഖ വകുപ്പ് 2017വരെ ഫിറ്റനസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതും അന്വേഷിക്കേണ്ടതാണ്. ഭരണനേതൃത്വവുമായി ബന്ധമുള്ള ആളാണ് കരാറെടുത്തിട്ടുള്ളത്. കരാറുതന്നെ എന്നാണ് ഒപ്പിട്ടതെന്ന് വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട ഫയല്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് കൊടുക്കാതെ മേയറും സെക്രട്ടറിയും ചേര്‍ന്ന് പൂഴ്ത്തിവെച്ചിരിക്കുകയാണ്.
പ്രധാന നേതാക്കളും നാല് ഡിവിഷനുകളിലെ പ്രവര്‍ത്തകരും ചേര്‍ന്ന് ബുധനാഴ്ച രാവിലെ ഏഴ് മണിക്ക് ദുരന്തമുണ്ടായ ഫോര്‍ട്ടുകൊച്ചി ബോട്ടു ജെട്ടിയില്‍ നിന്ന് ലോങ് മാര്‍ച്ച് തുടങ്ങും. ഫോര്‍ട്ടകൊച്ചി, പനയപ്പിള്ളി, തോപ്പുംപടി, തേവര, കപ്പല്‍ശാല, പള്ളിമുക്ക്, ജോസ് ജങ്ഷന്‍ എന്നീ കേന്ദ്രങ്ങളില്‍ നിന്ന് നഗരത്തിലെ മുഴുവന്‍ ഡിവിഷനുകളിലേയും ഇടതുമുന്നണി പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കാളികളാവും. ഫോര്‍ട്ടുകൊച്ചി ദുരന്തത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച നടക്കുന്ന പ്രത്യേക കൗണ്‍സിലിന് മാര്‍ച്ചിലെത്തുന്നവര്‍ തടസ്സം ഉണ്ടാക്കില്ലെന്ന് നേതാക്കള്‍ പറഞ്ഞു.
ഇടത് നേതാക്കളായ പി. രാജീവ്, സി.കെ. മണിശങ്കര്‍, സാബു ജോര്‍ജ് , കെ. വിജയന്‍ പിള്ള,
കുഞ്ഞുമോന്‍, കെ.ജെ. ബേസില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

More Citizen News - Ernakulam