ബി.ജെ.പി.യിലെ പ്രശ്‌നങ്ങള്‍ ആര്‍.എസ്.എസ്. നേതൃത്വം ചര്‍ച്ച ചെയ്തു

Posted on: 09 Sep 2015കൊച്ചി: ബി.ജെ.പി.യിലെ സെല്‍ ഭാരവാഹികളുടെ അനധികൃത പിരിവുമായി ബന്ധപ്പെട്ടുണ്ടായ വിഷയങ്ങള്‍ ചൊവ്വാഴ്ച ചേര്‍ന്ന ആര്‍.എസ്.എസ്. ജില്ലാ നേതൃയോഗത്തിലും ചര്‍ച്ചയായി. സെല്‍ ഭാരവാഹികള്‍ക്കെതിരെ പരാതിയുമായി രംഗത്തുവന്നത് നഗരത്തിലെ ആര്‍.എസ്.എസ്. പ്രവര്‍ത്തകരായതിനാല്‍ സംഘം ഗൗരവത്തോടെയാണ് ഇതിനെ കാണുന്നത്. ആരോപണവുമായി രംഗത്തുവന്നവര്‍ സെല്‍ ഭാരവാഹികള്‍ നടത്തിയ പിരിവിന്റെ വിശദാംശങ്ങള്‍ സംഘം നേതാക്കള്‍ക്ക് കൈമാറിയിട്ടുണ്ട്.
ബി.ജെ.പി.യുടെ ജില്ലാ ചുമതലയുള്ള സംസ്ഥാന സെക്രട്ടറി പി. ശിവന്‍കുട്ടി സംഭവത്തെക്കുറിച്ച് ജില്ലാ നേതാക്കളുമായി ചര്‍ച്ച നടത്തി. ജില്ലയിലെ ഒരു മുതിര്‍ന്ന നേതാവ് പിരിവു സംബന്ധിച്ച പരാതി തെളിവ് സഹിതം സ്വീകരിച്ച് നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്.
പരാതിയുമായി രംഗത്തുവന്നവര്‍ക്കെതിരെ ജില്ലാ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് മോശമായ പദപ്രയോഗം ഉണ്ടായതും പ്രദേശത്തെ പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. കേന്ദ്ര ധനമന്ത്രി അരുണ്‍ െജയ്റ്റ്‌ലിയുടെ ജില്ലാ സന്ദര്‍ശനം നടക്കാനിരിക്കെ പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് എതിര്‍പ്പുകള്‍ ഉയരാതിരിക്കാന്‍ നേതൃത്വം ശ്രദ്ധിക്കുന്നുണ്ട്.

More Citizen News - Ernakulam