എയര്‍ ആംബുലന്‍സ് രണ്ട് മാസത്തിനകം-മന്ത്രി ശിവകുമാര്‍

Posted on: 09 Sep 2015കൊച്ചി: സംസ്ഥാനത്ത് എയര്‍ ആംബുലന്‍സ് സംവിധാനം രണ്ട് മാസത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍. അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ അവയവമാറ്റ ശസ്ത്രക്രിയക്കായി തുടങ്ങിയ മികവിന്റെ കേന്ദ്രം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും സഹായത്തോടെ അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നതിനും അവയവമാറ്റ ശസ്ത്രക്രിയകള്‍ സുഗമമാക്കുന്നതിനുമാണ് ഉദ്ദേശിക്കുന്നത്. താത്പര്യപത്രം ക്ഷണിച്ചപ്പോള്‍ അഞ്ച് കമ്പനികള്‍ മുന്നോട്ട് വന്നിട്ടുണ്ട്. ആസ്​പത്രികളുടെ സഹകരണത്തോടെയാകും പദ്ധതി യാഥാര്‍ത്ഥ്യമാക്കുക. 25 ആസ്​പത്രികളുമായി ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തിക്കഴിഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ ഒരു ടെക്‌നിക്കല്‍ കമ്മിറ്റി രൂപവത്കരിച്ച് ഇതു സംബന്ധിച്ച നടപടികള്‍ പൂര്‍ത്തീകരിക്കും. ആഭ്യന്തരവകുപ്പ്, ആരോഗ്യവകുപ്പ്, എയര്‍പോര്‍ട്ട് അതോറിട്ടി, ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് എന്നിവയിലെ വിദഗ്ദ്ധര്‍ ഉള്‍പ്പെടുന്നതാകും ടെക്‌നിക്കല്‍ കമ്മിറ്റിയെന്നും ശിവകുമാര്‍ വിശദീകരിച്ചു.
അവയവ മാറ്റത്തിനായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച മൃതസഞ്ജീവനി പദ്ധതിയില്‍ മൂന്നുവര്‍ഷം കൊണ്ട് 142 പേരില്‍ നിന്നായി 383 അവയവങ്ങള്‍ മാറ്റിവെച്ചു. ഇതില്‍ 17 ഹൃദയവും 254 കിഡ്‌നിയും 103 കരളും രണ്ട് പാന്‍ക്രിയാസും രണ്ട് ചെറുകുടലും ഒരു ശ്വാസകോശവും നാല് കൈപ്പത്തിയും ഉള്‍പ്പെടുന്നു. അമൃത ആസ്​പത്രിയിലടക്കം ലോകോത്തര നിലവാരമുള്ള ചികിത്സാ സൗകര്യങ്ങള്‍ നമുക്കുണ്ടെന്നും മന്ത്രി പറഞ്ഞു.

More Citizen News - Ernakulam