ആനവേട്ട: കൊമ്പുകള്‍ കണ്ടെത്താനാവുന്നില്ല; അന്വേഷണം ഇഴയുന്നു

Posted on: 09 Sep 2015കോതമംഗലം: ആനവേട്ട കേസില്‍ പ്രതികള്‍ കൊന്ന ആനകളുടെ മുഴുവന്‍ അവശിഷ്ടവും കൊമ്പും കണ്ടെത്താനാവാതെ അന്വേഷണം ഇഴയുന്നു. ഇതുവരെ 17 ആനകളുടെ അവശിഷ്ടമാണ് കണ്ടെത്തിയിട്ടുള്ളത്. വേട്ടയ്ക്ക് ഉപയോഗിച്ച ആറ് തോക്കുകളും കസ്റ്റഡിയിലെടുത്തു. 28 ആനകളെ വേട്ടയാടിയതായാണ് വനം വകുപ്പ് അധികാരികള്‍ തുടക്കത്തില്‍ അറിയിച്ചത്.
നൂറോളം ആനകളെ കൊന്ന് കൊമ്പെടുത്തതായി വനം വകുപ്പിലെ ഉന്നതരുടെ പക്കല്‍ തന്നെ തെളിവുള്ളതായാണ് വിവരം. ഇക്കാര്യം വെളിപ്പെടുത്തിയാല്‍ തൊണ്ടിയായി കൊമ്പും ആനകളുടെ അവശിഷ്ടവും കണ്ടെത്തുക പ്രയാസമുള്ള കാര്യമാണ്. അതുകൊണ്ടാണ് വനം വകുപ്പ് 28 ആനകളില്‍ തന്നെ ഉറപ്പിച്ച് നില്‍ക്കുന്നത്. ഇപ്പോള്‍ കണ്ടെത്തിയ ആനകളുടെ അവശിഷ്ടങ്ങളുടേയും തിരുവനന്തപുരത്ത് പിടികൂടിയ ആനക്കൊമ്പിന്റേയും ഡി.എന്‍.എ. പരിശോധന നടത്തിയാലേ സ്ഥിരീകരണം സാധ്യമാവൂ. കൊമ്പിന് വേണ്ടിയാണ് പ്രതികള്‍ ആനകളെ കൊന്നത്. കൊമ്പ് മുഴുവന്‍ കണ്ടെടുക്കാനാവാതെ വന്നാല്‍ കോടതിയില്‍ വിചാരണ വേളയില്‍ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരമാകുമെന്നും വിലയിരുത്തുന്നു.
വനം വകുപ്പിന്റെ വെളിപ്പെടുത്തല്‍ അനുസരിച്ച് പത്ത് ആനകളുടെ കൂടി അവശിഷ്ടം കണ്ടെത്തേണ്ടതുണ്ട്. ബാക്കി ആനകളുടെ ജഡാവശിഷ്ടം കണ്ടെത്താന്‍ അന്വേഷണം നടക്കുന്നില്ല. അതുപോലെ വാസുവിനും സുകുവിനും പുറമെ നിരവധി ആനവേട്ട സംഘങ്ങള്‍ വേറെയുണ്ട്. ഇവരെ കണ്ടെത്താനും കഴിഞ്ഞിട്ടില്ല.
മലയാറ്റൂര്‍ ഡിവിഷനിലെ തുണ്ടം റെയ്ഞ്ചിലെ കരിമ്പാന ഫോറസ്റ്റ് സ്റ്റേഷനിലാണ് ഏറ്റവും കൂടുതല്‍ ആനകളുടെ ജഡാവശിഷ്ടം കണ്ടെത്തിയത് - ഒമ്പത്. ഈ റെയ്ഞ്ചിലെ തന്നെ കരിമ്പാനി സ്റ്റേഷനില്‍ ഏഴും മരപ്പാലം സ്റ്റേഷനില്‍ രണ്ടും ഭൂതത്താന്‍കെട്ട് സ്റ്റേഷന്‍ പരിധിയിലെ ചെറുകാട്ടില്‍ ഒന്നും ഇടമലയാര്‍ റെയ്ഞ്ചിലെ എണ്ണക്കല്‍ സ്റ്റേഷനില്‍ വാരിയം ഭാഗത്ത് ഒന്നും വാഴച്ചാല്‍ ഡിവിഷനിലെ അതിരപ്പിള്ളി റെയ്ഞ്ചിലെ ഊളാശ്ശേരിയില്‍ മൂന്നും മൂന്നാര്‍ ഡിവിഷനിലെ നേര്യമംഗലത്ത് ഒന്നും ആനകളെ കൊന്ന് കൊമ്പെടുത്തത് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.
ഇതില്‍ നേര്യമംഗലത്ത് ആനവേട്ട നടത്തിയത് മുഖ്യ പ്രതി സജി കുര്യന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ്. വാസുവിന്റെയും സുകുവിന്റെയും സംഘത്തിനു പുറമേയുള്ള സംഘമാണ് ഇത്. ഇനി ഉറിയംപെട്ടി ഭാഗത്തും കുട്ടമ്പുഴ, കോടനാട് റെയ്ഞ്ചിലും കൊന്ന അഞ്ച് ആനകളുടെ അവശിഷ്ടം കൂടി കണ്ടെത്താനുണ്ട്. പ്രതികളില്‍ വാസു ഉപയോഗിച്ചിരുന്ന മൂന്ന് തോക്കും സുകുവിന്റെ ഒരു തോക്കും സജി കുര്യന്റെ രണ്ട് തോക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തിരുവനന്തപുരത്ത് റെയ്ഡില്‍ പിടിച്ച 52 കിലോ കൊമ്പ് ഇവിടെ നടന്ന ആനവേട്ടയിലേതാണെന്ന് കോടതിയിലെത്തുമ്പോള്‍ തെളിയിക്കുക ബുദ്ധിമുട്ടാകും. ഇത് പ്രതികള്‍ക്ക് കേസില്‍ നിന്ന് രക്ഷപ്പെടാനും അവസരമാകും. വനം വകുപ്പിന് തലവേദന സൃഷ്ടിക്കുന്ന കാര്യമാണിതെന്ന് അന്വേഷണ സംഘത്തിലെ ചിലര്‍ സൂചിപ്പിച്ചു.

More Citizen News - Ernakulam