കാളപൂട്ട് മത്സരം അനുവദിക്കാന്‍ ആവില്ലെന്ന് ഹൈക്കോടതി

Posted on: 09 Sep 2015കൊച്ചി: ജെല്ലിക്കെട്ടിന് കാളകളെ ഉപയോഗിക്കുന്നത് വിലക്കുന്ന ഉത്തരവ് കാളപൂട്ട് മത്സരത്തിനും ബാധകമാവുമെന്ന് ഹൈക്കോടതി വിലയിരുത്തി. ജെല്ലിക്കെട്ട് സംബന്ധിച്ച കേന്ദ്ര വിജ്ഞാപനത്തില്‍ കാളപൂട്ട് മത്സരം നിരോധിക്കണമെന്ന് പറയുന്നില്ലെന്നും അതിനാല്‍ കാളപൂട്ട് മത്സരം നടത്താന്‍ അനുവദിക്കണമെന്നും ആവശ്യപ്പെടുന്ന അപ്പീലുകള്‍ തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണും ജസ്റ്റിസ് എ.എം. ഷഫീക്കും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
പാലക്കാട്ടെ കന്നുകാലിയോട്ട മത്സര ക്ലബ്ബ്, മലപ്പുറത്തെ കേരള പരമ്പരാഗത കര്‍ഷക അസോസിയേഷന്‍, പൊന്നാനി സ്വദേശിയായ കെ.വി. മുഹമ്മദ് എന്നിവരാണ് കാളപൂട്ട്, കന്നുപൂട്ട്, മരമടി തുടങ്ങിയവ നടത്തരുതെന്നു കാണിച്ച് ലഭിച്ച നോട്ടീസിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. സുപ്രീം കോടതിയുട വിധിയനുസരിച്ചുള്ള കേന്ദ്ര വിജ്ഞാപനവും അതിന്റെ അടിസ്ഥാനത്തില്‍ സബ് ഡിവിഷനല്‍ മജിസ്‌ട്രേട്ടിന്റെ നിരോധവും ജെല്ലിക്കെട്ടിനെ ഉദ്ദേശിച്ചുള്ളതാണ്.
ടിക്കറ്റ് വെച്ചല്ല കാളപൂട്ട് മത്സരം നടത്തുന്നതെന്നും അതിനാല്‍ നിരോധം ബാധകമല്ലെന്നുമായിരുന്നു അപ്പീലിലെ വാദം. കാളപൂട്ടില്‍ മൃഗങ്ങളോട് ക്രൂരത കാട്ടുന്നില്ലെന്നും സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരായ അപ്പീലില്‍ വാദമുണ്ടായി. എന്നാല്‍ കാളപൂട്ട് മത്സരത്തില്‍ അവയെ അടിച്ചും മറ്റും വേദനിപ്പിക്കുന്നുണ്ടെന്നും മൃഗങ്ങളോടുള്ള ക്രൂരതയാണെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.

More Citizen News - Ernakulam