വല്ലാര്‍പാടം മരിയന്‍ കണ്‍വെന്‍ഷന് തുടക്കമായി

Posted on: 08 Sep 2015കൊച്ചി: ദേശീയ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയില്‍ തിരുനാളിനോടനുബന്ധിച്ചുള്ള മരിയന്‍ കണ്‍വെന്‍ഷന് തിങ്കളാഴ്ച തുടക്കമായി. വിശ്വാസത്തിന്റെപേരിലും വംശീയകലാപത്തിന്റെയും യുദ്ധത്തിന്റെയുംപേരിലും നാടുകടത്തപ്പെട്ട അഭയാര്‍ഥികളെ വിശ്വാസികള്‍ ഈ ദിവസങ്ങളിലെ പ്രാര്‍ഥനയില്‍ ഓര്‍ക്കണമെന്ന് കണ്‍വെന്‍ഷന് ആരംഭംകുറിച്ചുകൊണ്ടുള്ള ദിവ്യബലിയില്‍ മുഖ്യകാര്‍മികത്വം വഹിച്ച് ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരി പറഞ്ഞു. ഈ കണ്‍വെന്‍ഷനില്‍ നമുക്കുവേണ്ടി പ്രാര്‍ഥിക്കുന്നതോടൊപ്പം ലോകംമുഴുവനുവേണ്ടിയും പ്രത്യേകിച്ച് കലാപങ്ങളില്‍ നാടുകടത്തപ്പെട്ടവര്‍ക്കുവേണ്ടിയും പ്രാര്‍ഥിക്കണമെന്ന് ബിഷപ്പ് ആവശ്യപ്പെട്ടു. അതിരൂപതാ വികാരി ജനറല്‍ മോണ്‍. ജോസഫ് പടിയാരംപറമ്പില്‍, ബസിലിക്ക റെക്ടര്‍ മോണ്‍. ജോസഫ് തണ്ണിക്കോട്ട്, റവ. ഫാ. പോള്‍ പഴങ്ങാട്ട്, ഫാ. സിജോ ജോര്‍ജ് കുരിശുമൂട്ടില്‍ എന്നിവര്‍ ദിവ്യബലിയില്‍ സഹകാര്‍മികരായിരുന്നു.
പരിശുദ്ധ വല്ലാര്‍പാടത്തമ്മയുടെ ഛായാചിത്രവും വഹിച്ചുകൊണ്ട് ആഗസ്ത് 30ന് ആരംഭിച്ച പ്രയാണം എട്ട് ഫൊറോനകളിലേയും യാത്രപൂര്‍ത്തിയാക്കി തിങ്കളാഴ്ച എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് വൈകീട്ട് എറണാകുളം സെന്റ് ഫ്രാന്‍സിസ് കത്തീഡ്രലില്‍നിന്ന് അതിരൂപതയിലെ കരിസ്മാറ്റിക് ഗ്രൂപ്പംഗങ്ങളുടെ നേതൃത്വത്തില്‍ പ്രാര്‍ഥനാനിര്‍ഭരമായി വല്ലാര്‍പാടം ബസിലിക്കയിലെത്തിച്ചു. ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരി, റെക്ടര്‍ മോണ്‍. ജോസഫ് തണ്ണിക്കോട്ട് എന്നിവരുടെ സാന്നിധ്യത്തില്‍ അതിരൂപതാ വികാരി ജനറല്‍ മോണ്‍. ജോസഫ് പടിയാരംപറമ്പില്‍ ഏറ്റുവാങ്ങി വല്ലാര്‍പാടത്തമ്മയുടെ ഛായാചിത്രം ദൈവാലയ അങ്കണത്തില്‍ പ്രതിഷ്ഠിച്ചു. തുടര്‍ന്നാണ് കണ്‍വെന്‍ഷന്‍ ദിവ്യബലി ആരംഭിച്ചത്. ദിവ്യബലിയുടെ സമാപനത്തില്‍ ഛായാചിത്രം പ്രദക്ഷിണമായി കണ്‍വെന്‍ഷന്‍ പന്തലില്‍ പ്രത്യേകമായൊരുക്കിയ വേദിയില്‍ പ്രതിഷ്ഠിച്ചുകൊണ്ട് ബിഷപ്പ് ജോസഫ് കാരിക്കശ്ശേരി കണ്‍വെന്‍ഷന് ഔദ്യോഗികമായി ആരംഭംകുറിച്ചു. തുടര്‍ന്ന് നടന്ന മരിയന്‍ പ്രഭാഷണവും ആരാധനയും രോഗശാന്തി ശുശ്രൂഷയും പ്രശസ്ത ധ്യാനഗുരു ഫാ. നെല്‍സണ്‍ ജോബ് ഒ.സി.ഡി. നയിച്ചു.
സപ്തംബര്‍ 11വരെ വൈകീട്ട് 4.30 മുതല്‍ 8.30 വരെയാണ് മരിയന്‍ കണ്‍വെന്‍ഷന്‍. നാടിന്റെ നാനാഭാഗങ്ങളില്‍നിന്നും അനേകായിരംപേരാണ് കണ്‍െവന്‍ഷനില്‍ പങ്കെടുക്കുന്നത്. ഇവര്‍ക്കാവശ്യമായ മെഡിക്കല്‍ സംവിധാനം ഉള്‍പ്പെടെ എല്ലാ സജ്ജീകരണങ്ങളും കണ്‍െവന്‍ഷന്‍ നഗറില്‍ ഒരുക്കിയിട്ടുണ്ട്. കണ്‍െവന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്കായി പ്രധാനഭാഗങ്ങളിലേക്ക് പ്രത്യേകം വാഹന സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കണ്‍െവന്‍ഷന്‍ നഗറില്‍ ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാവിലെ മുതല്‍ കൗണ്‍സലിങ്ങിനും ഉച്ചതിരിഞ്ഞ് 2.30 മുതല്‍ കുമ്പസാരിക്കുന്നതിനുമുള്ള സൗകര്യമുണ്ടായിരിക്കും.
ആത്മീയ അനുഭൂതിയുടെയും അനുഗ്രഹത്തിന്റെയും തീര്‍ഥാടനമായ വല്ലാര്‍പാടം കാല്‍നട തീര്‍ഥാടനം സപ്തംബര്‍ 13ന് നടക്കും.

More Citizen News - Ernakulam