ജി.എസ്.ടി. കേരളത്തെ കാര്യമായി ബാധിക്കില്ല - ഡോ. പിനാകി ചക്രബര്‍ത്തി

Posted on: 08 Sep 2015കളമശ്ശേരി: ചരക്കുസേവന നികുതി സംസ്ഥാന സര്‍ക്കാറുകളുടെ വരുമാനത്തെ നാമമാത്രമായേ ബാധിക്കൂവെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ദ്ധന്‍ ഡോ. പിനാകി ചക്രബര്‍ത്തി. മൂല്യവര്‍ധിത നികുതി സംവിധാനത്തേക്കാളും പരമ്പരാഗത നികുതി സമ്പ്രദായത്തേക്കാളും മെച്ചപ്പെട്ടതാണ് ജി.എസ്.ടി. കൊച്ചി സര്‍വകലാശാലയിലെ കെ.എം മാണി സെന്റര്‍ ഫോര്‍ ബജറ്റ് സ്റ്റഡീസ് സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ചരക്കുസേവന നികുതി പരിഷ്‌കരണം സംസ്ഥാനത്ത് നടപ്പാക്കുന്നതാണ് സെമിനാറില്‍ ചര്‍ച്ച ചെയ്തത്. കേരളം പോലുള്ള സംസ്ഥാനത്തിനെ ഇത് കാര്യമായി ബാധിക്കില്ല. വ്യാവസായിക അടിത്തറയുള്ള സംസ്ഥാനങ്ങള്‍ക്കാണ് ജി.എസ്.ടി അല്‍പമെങ്കിലും ബുദ്ധിമുട്ട് ഉണ്ടാക്കുക. ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്ക് ജി.എസ്.ടി. നേട്ടമാണ് -നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് പബ്ലിക് ഫൈനാന്‍സ് ആന്‍ഡ് പോളിസിയിലെ അദ്ധ്യാപകനായ പിനാകി ചക്രബര്‍ത്തി അഭിപ്രായപ്പെട്ടു.
ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫൈനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ അസോസിയേറ്റ് പ്രൊഫസര്‍ ഡോ.എന്‍. രാമലിംഗം വിഷയാവതരണം നടത്തി. ഡോ.ജോസ് സെബാസ്റ്റ്യന്‍ ക്ലാസ് എടുത്തു.
കുസാറ്റ് വൈസ്ചാന്‍സലര്‍ ഡോ. ജെ. ലത സെമിനാര്‍ ഉദ്ഘാടനം ചെയ്തു. സര്‍വകലാശാല രജിസ്ട്രാര്‍ ഡോ.എസ്. ഡേവിഡ് പീറ്റര്‍, കെ.എം.എം.സി.ബി.എസ് ഡയറക്ടര്‍ പ്രൊഫ.എം.എ ഉമ്മന്‍, കോ-ഓര്‍ഡിനേറ്റര്‍ ഡോ.സാബു തോമസ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam