താലൂക്ക് വികസന സമിതിയില്‍ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കുന്നില്ലെന്ന് ആക്ഷേപം

Posted on: 08 Sep 2015പറവൂര്‍: താലൂക്ക് വികസന സമിതിയില്‍ ചര്‍ച്ച ചെയ്ത് എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കുന്നില്ലെന്ന് ആക്ഷേപം.
പറവൂര്‍ താലൂക്ക് വികസന സമിതിയുടെ തിങ്കളാഴ്ച താലൂക്ക് ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ് അംഗങ്ങള്‍ തന്നെ ഈ ആക്ഷേപം ഉയര്‍ത്തിയത്. വികസന സമിതി യോഗത്തില്‍ താലൂക്കിലെ വിവിധ വകുപ്പുകളുടെ തലവന്മാര്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ എന്നിവരാണുള്ളത്. കഴിഞ്ഞ മാസം കൂടിയ യോഗത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തില്‍ എത്താത്തതിന് എതിരെ ആക്ഷേപം ഉയര്‍ന്നിരുന്നു. എല്ലാ വകുപ്പ് തലവന്മാരും നിര്‍ബന്ധമായി പങ്കെടുക്കണമെന്ന് യോഗത്തില്‍ നിര്‍ദ്ദേശം ഉയര്‍ന്നിരുന്നു. നിരവധി ജനകീയ പ്രശ്‌നങ്ങള്‍, പൊതുവിഷയങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്ത് നടപടികള്‍ക്കായി ഉദ്യോഗസ്ഥ മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയാണ് സമിതി ചെയ്യുന്നത്. ഇത് പത്രങ്ങള്‍ക്ക് പ്രസിദ്ധീകരണത്തിന് നല്‍കും. എന്നാല്‍ കാര്യങ്ങള്‍ ഒന്നും പോലും നടക്കുന്നില്ലെന്ന് എന്‍. എസ്. അനില്‍കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി.
എന്‍ച്ച് 17 പെരുവാരം വളവില്‍ വര്‍ധിച്ചുവരുന്ന അപകടങ്ങള്‍ കണക്കിലെടുത്ത് രണ്ട് ബ്ലിങ്കിങ് ലൈറ്റുകള്‍ സ്ഥാപിക്കണമെന്ന് സമതി ആവശ്യപ്പെട്ടു. പറവൂരിലെ അനധികൃത വാഹന പാര്‍ക്കിങ് നിരോധിക്കണം. സൈക്കിള്‍ മോഷണം, ഇരുചക്ര വാഹനങ്ങളില്‍ നിന്ന് പെട്രോള്‍ ഊറ്റല്‍ എന്നിവയ്‌ക്കെതിരെയും കര്‍ശന നടപടി വേണം. വരാപ്പുഴ ചെട്ടിഭാഗം ജംങ്ഷനില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് സ്വൈര സഞ്ചാരം ഉറപ്പുവരുത്തണം.
സ്റ്റേഷന്‍കടവ്-മാള റോഡിലെ അപകടകരമായ മരം മുറിച്ചു മാറ്റുന്നതിന് നിര്‍ദ്ദേശം നല്‍കി. റോഡുകളില്‍ ആവശ്യമായ അടയാളങ്ങളും സീബ്രാ ലൈനുകളും സ്ഥാപിക്കണം. താലൂക്കിലെ അനധികൃത ചിട്ടി കമ്പനികള്‍ക്കെതിരെ നടപടി വേണം. യോഗത്തില്‍ ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് പി. വി. മണി അധ്യക്ഷത വഹിച്ചു. പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമാ ശിവശങ്കരന്‍, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി മത്തായി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥ മേധാവികള്‍, തഹസില്‍ദാര്‍ കെ.ടി. സന്ധ്യാദേവി തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam