അവിശ്വസനീയതയോടെ ഷേര്‍ളി

Posted on: 08 Sep 2015പോത്താനിക്കാട്: കുട്ടികളുടെ നിലവിളിയാണ് ഷേര്‍ളിയുടെ കാതുകളില്‍ ഇപ്പോഴും മുഴങ്ങുന്നത്. പേയിളകിയ പോലെ മുന്നില്‍ കുരച്ചുചാടുന്ന നായയില്‍ നിന്ന് കുരുന്നുകളെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ മറ്റൊന്നും ഓര്‍ത്തില്ല. പട്ടിയെ എടുത്തെറിയാനായത് എങ്ങനെയെന്നും വിവരിക്കാനാകുന്നില്ല.
കാലാമ്പൂര് അങ്കണവാടിയില്‍ തിങ്കളാഴ്ച നിറഞ്ഞത് കുട്ടികളുടെ കരച്ചിലുകളാണ്. എവിടെ നിന്നാണ് ആ നായ അവിടേക്ക് എത്തിയത് എന്ന് അധ്യാപിക േഷര്‍ളിക്കറിയില്ല. കുട്ടികള്‍ ശുചിമുറിയിലേക്ക് പോകാന്‍ തുടങ്ങുമ്പോള്‍ നായ ക്ലാസ് മുറിയിലേക്ക് കുരച്ചെത്തുകയായിരുന്നു.
രണ്ട് കുട്ടികളെ ആക്രമിക്കുന്നതു കണ്ട്‌ േഷര്‍ളി നായയെ ചെറുത്തു. ഇതിനിടയില്‍ ഇവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. േഷര്‍ളിയുടെ മനഃസാന്നിധ്യമാണ് കൂടുതല്‍ കുട്ടികളെ കടിയേല്‍ക്കുന്നതില്‍ നിന്ന് രക്ഷിച്ചത്.
പേടിച്ചരണ്ട കുട്ടികളുടെ മുഖമാണ് ഇപ്പോഴും മനസ്സിലെന്ന് ഷേര്‍ളി പറയുന്നു. പേവിഷ ബാധയ്ക്കുള്ള കുത്തിവെപ്പെടുത്ത് വീട്ടിലെത്തിയ ഇവരുടെ മുഖത്ത് സംഭവം വിവരിക്കുമ്പോഴും അവിശ്വസനീയതയായിരുന്നു. ''ഈ നായകളെയെല്ലാം കൊന്നൊടുക്കുകയാണ് വേണ്ടത്. നായ്ക്കളുടെ ശല്യമില്ലാതെ തെരുവിലൂടെ നടക്കാന്‍ കഴിയുന്ന സാഹചര്യമാണ് വേണ്ടത്''-ഷേര്‍ളി പറയുന്നു.

More Citizen News - Ernakulam