കടുങ്ങല്ലൂരില്‍ വീട് കുത്തിത്തുറന്ന് മോഷണം

Posted on: 08 Sep 2015കടുങ്ങല്ലൂര്‍: പടിഞ്ഞാറേ കടുങ്ങല്ലൂരില്‍ ആള്‍ത്താമസമില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം. അലമാരയില്‍ സൂക്ഷിച്ചിരുന്ന അരപ്പവന്റെ സ്വര്‍ണ കോയിനും ലോക്കറ്റും നഷ്ടപ്പെട്ടു. പടിഞ്ഞാറേ കടുങ്ങല്ലൂര്‍ കോടിമറ്റം ഗീതാനിവാസില്‍ കെ.എന്‍.വിജയന്റെ വീട്ടിലാണ് മോഷണം നടന്നത്. വിജയനും കുടുംബവും ചെന്നൈയിലുള്ള മകളുടെ കൂടെയാണ് ഏതാനും നാളുകളായി താമസം. ഞായറാഴ്ച രാത്രിയായിരിക്കും മോഷണം നടന്നിരിക്കുന്നതെന്നാണ് നിഗമനം. തിങ്കളാഴ്ച രാവിലെ വൈദ്യുതി മീറ്റര്‍ റീഡിങ്ങെടുക്കാന്‍ വന്നയാള്‍ വാതില്‍ തുറന്നുകിടക്കുന്നതുകണ്ട് വീട്ടുകാരെ വിളിക്കാന്‍ ശ്രമിച്ചു. അവിടെ ആള്‍ത്താമസമില്ലയെന്ന് അയല്‍വീട്ടുകാര്‍ അറിയിച്ചപ്പോള്‍ വാതില്‍ തുറന്നുകിടക്കുന്ന വിവരം അയാള്‍ അയല്‍ക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് ബന്ധുക്കളും അയല്‍ക്കാരുമെത്തി പരിശോധിച്ചപ്പോഴാണ് മോഷണം നടന്നിരിക്കുന്നതായി അറിയുന്നത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് വാര്‍ഡ്‌മെമ്പര്‍ വി.കെ.ഷാനവാസെത്തി ബിനാനിപുരം പോലീസിനെ വിളിച്ചുവരുത്തി. മോഷ്ടാക്കള്‍ മുറികളിലുണ്ടായിരുന്ന അലമാരയില്‍നിന്നും സാധനങ്ങളെല്ലാം വാരി പുറത്തേക്കിട്ടിരിക്കുകയാണ്. എന്നാല്‍ അതൊന്നും കൊണ്ടുപോയില്ല. മേശയിലിരുന്ന സ്വര്‍ണ ലോക്കറ്റാണ് നഷ്ടമായിരിക്കുന്നത്. ബിനാനിപുരം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

More Citizen News - Ernakulam